വാഹനത്തില്‍ സഞ്ചരിച്ച് കടുവകളെ കാണാം, വരുന്നു മലബാറിന്റെ ടൈഗര്‍ സഫാരിപാര്‍ക്ക് പേരാമ്പ്ര എസ്റ്റേറ്റില്‍; പെരുവണ്ണാമൂഴി ടൈഗര്‍ സഫാരിപാര്‍ക്കിന് ഭരണാനുമതി
ചക്കിട്ടപാറ: മലബാര്‍ മേഖലയില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന ടൈഗര്‍ സഫാരിപാര്‍ക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാടുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ തുടങ്ങാന്‍ തീരുമാനമായി. എസ്റ്റേറ്റിലെ 120 ഹെക്ടര്‍ സ്ഥലം സഫാരി പാര്‍ക്കിനുവേണ്ടി നല്കാന് വനംവകുപ്പ് ഉത്തരവിട്ടു. വനംവകുപ്പ്, പ്ലാന്റേഷന് കോര്പ്പറേഷന് പാട്ടത്തിനുനല്‍കിയ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സ്ഥലത്താണ് പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. സ്ഥലത്തിന്റെ പാട്ടക്കലാവധി അടുത്തിടെ അവസാനിച്ചു. ഇതില്‍പ്പെട്ട സ്ഥലമാണ് പാര്ക്കിന് അനുവദിച്ചത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്ത് നേരത്തേ സാധ്യതാപഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ജലലഭ്യതയും ചുറ്റും മനുഷ്യവാസം ഇല്ലെന്നതുമെല്ലാം പരിഗണിച്ച് ഇവിടം സഫാരിപാര്‍ക്കിന് അനുയോജ്യമാണെന്ന് വിദഗ്ധസംഘം വിലയിരുത്തുകയായിരുന്നു.
വനംമന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടൈഗര്‍ സഫാരി പാര്ക്കിന് അനുയോജ്യമായ സ്ഥലംകണ്ടെത്താന്‍ തീരുമാനിച്ചത്. ഇതിനായി നോര്‍ത്തേണ്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറായ സമിതിയെ ചുമതലപ്പെടുത്തി. സമിതി പെരുവണ്ണാമൂഴി റെയ്ഞ്ച് പരിധിയിലെ പെരുവണ്ണാമൂഴിയിലെയും മുതുകാട്ടിലെയും രണ്ടുസ്ഥലമാണ് ചൂണ്ടിക്കാട്ടിയത്. ഇതില്‍ കൂടുതല്‍ അനുയോജ്യം പ്ലാന്റേഷന് എസ്റ്റേറ്റിലെ സ്ഥലമാണെന്നായിരുന്നു വിലയിരുത്തല്‍. ഇനി നാഷണല്‍ ടൈഗര്‍ റിസര്‍വ് കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധികളുടെ പരിശോധനകൂടി നടക്കേണ്ടതുണ്ട്.
തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിനോടുചേര്ന്നുളള സിംഹപാര്‍ക്ക് മാതൃകയിലാവും ടൈഗര്‍ പാര്‍ക്ക്. ചുറ്റുമതില്‍ കെട്ടിസംരക്ഷിച്ച പാര്‍ക്കില്‍ വാഹനത്തില്‍ സഞ്ചരിച്ച് കടുവകളെ കാണാനാവും.