ജീവിതശൈലീ രോഗനിര്‍ണയത്തിന് പുതിയ ചുവടുവയ്പ്പാണ് കേരളം നടത്തുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; കൊല്ലത്ത് നഗര ജനകീയാരോഗ്യ കേന്ദ്രം തുറന്നു


കൊയിലാണ്ടി: ജീവിതശൈലീ രോഗനിര്‍ണയത്തിന് പുതിയ ചുവടുവയ്പ്പാണ് കേരളം നടത്തിവരുന്നതെന്ന് തുറമുഖം – മ്യൂസിയം പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൊല്ലം നഗര ജനകീയാരോഗ്യ കേന്ദ്രം, അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍, ആയുഷ്മാന്‍ ഭാരത് – ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2016 ല്‍ ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടി രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത് നാലിരട്ടിലധികം വര്‍ധിച്ച് 2,828 കോടി രൂപയാക്കിയതായും സര്‍ക്കാര്‍ ആരോഗ്യ മേഖലക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം ജനകീയ ക്യാമ്പയിനിലൂടെ 1.33 കോടിയോളം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി. സംസ്ഥാനത്ത് ഓക്സിജന്‍ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയായ ഹെല്‍ത്ത് ഗ്രാന്റുപയോഗിച്ചു കേന്ദ്ര ആയുഷ് വകുപ്പാണ് പദ്ധതി നടത്തുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന ആരോഗ്യ സേവനങ്ങള്‍ വീടുകളിലെത്തിച്ച് സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ മുഖ്യ ലക്ഷ്യം. നഗരസഭയില്‍ മൂന്ന് കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കൊയിലാണ്ടി തീരദേശ മേഖലയിലും പെരുവട്ടൂരിലുമാണ് മറ്റു രണ്ട് കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്.

നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.ഷിജു, കെ.എ ഇന്ദിര, സി.പ്രജില, ഇ.കെ.അജിത്ത്, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ നജീബ്.കെ.എം, രത്‌നവല്ലി, അസീസ്, കെ.കെ വൈശാഖ്, വി.വി.ഫക്രുദീന്‍, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വിനോദ്.വി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു.എസ് ശങ്കരി നന്ദിയും പറഞ്ഞു.