കോഴിക്കോട് സ്വദേശിനിയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവം; നാടുകാണി ചുരത്തില്‍ നിന്നും മൃതദേഹം കണ്ടെടുത്തു
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കുറച്ചുദിവസം മുമ്പ് കാണാതായ സ്ത്രീയെ കൊലപ്പെടുത്തി കൊക്കയില്‍ കൊന്നുതള്ളിയെന്ന സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന് കണ്ടെത്തി. സ്ത്രീയുടെ സുഹൃത്തും മലപ്പുറം താനൂര്‍ സ്വദേശിയുമായ സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കാണാതായ സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
സമദിന്റെ മൊഴിയനുസരിച്ച് കസബ പൊലീസ് ഇയാളുമായി നാടുകാണി ചുരത്തിലെത്തുകയായിരുന്നു. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായതിനാല്‍ തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടയുള്ള നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. ഭാര്യയെ ഏഴാം തീയതി വൈകുന്നേരം മുതല്‍ കാണാനില്ലെന്നും ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടി സൈനബയുടെ ഭര്‍ത്താവ് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സൈനബയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ സമദിന്റെ കോള്‍ കാണുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. സമദും കൂട്ടുകാരന്‍ സുലൈമാനും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയതെന്നാണ് മൊഴി. ശേഷം മൃതദേഹം നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
കൊല്ലപ്പെടുമ്പോള്‍ സൈനബയുടെ കയ്യില്‍ മൂന്ന് ലക്ഷം രൂപയും പതിനേഴ് പവന്‍ സ്വര്‍ണ്ണവും ഉണ്ടായിരുന്നു. ഇത് കവര്‍ച്ച ചെയ്യുകയെന്നതായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം.