മണ്ണില്‍നിന്നും പൊന്നുവിളയിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങി; കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നെല്‍കൃഷി വിളവെടുത്തു


കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും നേച്ച്വര്‍ ക്ലബ്ബും ചേര്‍ന്ന് കീഴൂര്‍ ചൊവ്വവയലില്‍ നടത്തിയ നെല്‍കൃഷി വിളവെടുപ്പ് നടത്തി. വളര്‍ന്നുവരുന്ന തലമുറകളില്‍ കൃഷിയോടും മണ്ണിനോടും ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് യൂണിറ്റ് തുടക്കമിട്ട നാളെയ്‌ക്കൊരു നെല്‍ക്കതിര്‍ പദ്ധതിയുടെ ഭാഗമായിരുന്നു കൃഷി.

പ്രസിദ്ധ കര്‍ഷകനായ പള്ളിക്കര ഇല്ലത്ത് വേണുവിന്റെ സഹായത്തോടെയാണ് കുട്ടികള്‍ കൃഷിയിലേക്ക് ഇറങ്ങിയത്. നാലുമാസം മുമ്പ് വിത്തിട്ടു. നടാനും മറ്റും പുറത്തുനിന്ന് ജോലിയ്ക്ക് ആളെ നിര്‍ത്തിയിരുന്നെങ്കിലും ഇവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി കുട്ടികളും മുന്‍പന്തിയിലുണ്ടായിരുന്നു.

തൊണ്ണൂറു ദിവസം മൂപ്പുള്ള രക്തശാലി, അന്നപൂര്‍ണ്ണ വിത്തുകളാണ് വിതച്ചിരുന്നത്. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസറായ ഡോ: മുരളീധരന്‍, ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ: ശ്രീജിത്ത് ഇ, വേണു, കൃഷി ഓഫീസര്‍ ഷഫ്‌ന, എന്‍എസ്എസ് സെക്രട്ടറി സിയ, മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.