നിലവിലെ രേഖകള്‍വെച്ച് സത്യപ്രതിജ്ഞ തടയാനാവില്ല; കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ പ്രതിനിധിയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കോടതി
കൊച്ചി: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ പ്രതിനിധി ചെയര്‍മാന്‍ സ്ഥാനം ഏല്‍ക്കുന്നത് തടയാതെ ഹൈക്കോടതി. ചെയര്‍മാന്‍ സ്ഥാനമേറ്റാലും തെരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു നല്‍കിയ ഹരജിയിലെ അന്തിമ വിധിക്ക് വിധേയമാകും ചെയര്‍മാന്‍ സ്ഥാനമെന്നും കോടതി വ്യക്തമാക്കി.
കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി സ്ഥാനം ഏല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യു കോടതിയെ സമീപിച്ചത്. എന്നാല്‍ എസ്.എഫ്.ഐയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരാകരിച്ചത്.
വോട്ടെണ്ണിയപ്പോള്‍ ഒറ്റവോട്ടിന് മുമ്പിലുണ്ടായിരുന്നത് എസ്.എഫ്.ഐ ആയിരുന്നെങ്കില്‍ റീകൗണ്ടിങ് ആവശ്യപ്പെട്ടത് എന്തിനെന്നും കോടതി ആരാഞ്ഞു.
കെ.എസ്.യു സ്ഥാനാര്‍ത്ഥി എസ്.ശ്രീക്കുട്ടനുവേണ്ടി മാത്യു കുഴല്‍നാടനാണ് ഹാജരായത്. എസ്.ശ്രീക്കുട്ടനെ ചെയര്‍മാനായി വിജയിച്ചതായി പ്രഖ്യാപിക്കുകയും അതിനുശേഷം റീകൗണ്ടിങ് നടത്തി തോല്‍പ്പിച്ചുവെന്നതായിരുന്നു മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച പ്രധാനപ്പെട്ട ആരോപണം. എങ്കില്‍ അതിന്റെ രേഖയെവിടെയെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖയില്ലെന്നും വാക്കാലാണ് തങ്ങളെ അറിയിച്ചതെന്നുമാണ് മാത്യു കുഴല്‍നാടന്‍ വിശദീകരണം നല്‍കിയത്.
കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസറോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് വോട്ടെടുപ്പ് നടത്തിയതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുവേണ്ടി ഹാജരായ സ്റ്റാന്റിങ് കൗണ്‍സില്‍ കോടതിയെ അറിയിച്ചത്. വോട്ടെടുപ്പില്‍ റീകൗണ്ടിങ് ആവശ്യപ്പെടാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്. ഒരു വോട്ടിന് മുന്നില്‍ വന്നത് എസ്.എഫ്.ഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു എന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.