ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം; അസ്ഫാഖ് ആലത്തിനെതിരെ ചുമത്തിയ പതിനാറ് കുറ്റങ്ങളിലും പ്രതി കുറ്റക്കാരനെന്ന് കോടതി വിധി
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം, കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ പ്രതിയ്‌ക്കെതിരെ ചുമത്തിയ പതിനാറ് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. തുറന്ന കോടതിയിലാണ് വിധി പ്രസ്താവിച്ചത്. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൃത്യം നടന്ന് നൂറാം ദിവസമാണ് വിധി വരുന്നത്.
ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലം കുഞ്ഞിനെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം അതിദാരുണമായി കൊലപ്പെടുത്തിയെന്നും മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ചെന്നുമാണ് കേസ്.
ജൂലായ് 28 വൈകിട്ടോടെയാണ് അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം പുറംലോകമറിയുന്നത്. വീടിന് സമീപത്തുനിന്ന് കുഞ്ഞിനെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒരാള്‍ കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ദൃശ്യങ്ങളിലുള്ള അസ്ഫാക് ആലം എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ ലഹരിയിലായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പിറ്റേദിവസം ഉച്ചയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. പിന്നാലെ ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.