നിപ-കോവിഡ് കാലത്ത് ജീവന് പണയം വെച്ച് ജോലി ചെയ്ത ജീവനക്കാരിയെ പിരിച്ചു വിട്ട നടപടി പിന്‍വലിക്കുക; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: കാരണമില്ലാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയെ പിരിച്ച് വിട്ട ആശുപത്രി അധികാരികള്‍ക്കെതിരെ പ്രതിഷേധം. കേരള ഗവണ്മെന്റ് ഹോസ്പിറ്റല്‍ ഡെവല്പ്പ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന് സി.ഐ.ടിയു കൊയിലാണ്ടി ആശുപത്രി ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിപ്പാ- കോവിഡ് കാലഘട്ടങ്ങളില്‍ ജീവന് പണയം വെച്ച് ജോലി ചെയ്ത ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലെ ജീവനക്കാരിയെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ആശുപത്രി അധികാരികളുടെ പിരിച്ചുവിടല്‍ തീരുമാനം പിന്‍വലിക്കുക, ആറുമാസം കൂടുമ്പോള്‍ ബോണ്ട് വാങ്ങുന്ന അധികാരികളുടെ കരിനിയമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.
കെ.ജി.എച്ച്.ഡി.എസ്.ഇ.യു സംസ്ഥാന കമ്മിറ്റി അംഗം രശ്മി പി.എസ്, നന്ദകുമാര്‍ എം.എം, സി.ഐ.ടിയു കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം ലജിഷ എ.പി, യൂണിയന് ഏരിയ സെക്രട്ടറി ശൈലേഷ് കെ.കെ, ലീന എ.കെ, ബിജീഷ് കെ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.