‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ ; ബാലുശ്ശേരിയില്‍ ലഹരിക്കെതിരെ ഏകദിന ശില്‍പശാല


ബാലുശ്ശേരി: ലഹരിക്കെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വിമുക്തി മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെയും വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പി.എസ്.സി പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ബാലുശ്ശേരി ഗോകുലം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കെ. എം സച്ചിന്‍ദേവ് എം.എല്‍.എ നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി മിഷന്‍ പദ്ധതിയുടെ ഭാഗമായി ‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ എന്ന പേരിലാണ് ശില്‍പശാല നടത്തിയത്. ചടങ്ങില്‍ വിമുക്ത മിഷന്‍ നടത്തിയ ഷോര്‍ട് ഫിലിം മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി കോ ഓര്‍ഡിനേറ്റര്‍ ഇ.പ്രിയ, പ്രിവന്റീവ് ഓഫീസര്‍ പി.പി ജയരാജ് എന്നിവര്‍ വിഷയാവതരണം നടത്തി.

ചടങ്ങില്‍ ബാലുശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി ദാമോദരന്‍, ബാലുശ്ശേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമ മഠത്തില്‍, പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി സുദീപ് കുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി ജി. പ്രശാന്ത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, അധ്യാപകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അംഗനവാടി ടീച്ചര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.