‘സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലം’; കളമശ്ശേരി സ്ഫോടനം, ഉത്തരവാദിത്തം ഏറ്റെടുത്ത് വീഡിയോയുമായി ഡൊമിനിക് മാര്ട്ടിന്
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പിന്നില്‍ താനാണെന്ന അവകാശവാദവുമായി വീഡിയോ പങ്കുവെച്ച് പൊലീസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്ട്ടിന്. തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചി സ്വദേശിയായ ഇയാള്‍ ഉച്ചയോടെയാണ് സ്ഫോടനത്തിന് പിന്നില്‍ താനാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇതിനു ശേഷമാണ് സ്ഫോടനത്തിന് പിന്നില്‍ താനാണെന്നും യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് കാരണമാണ് സ്ഫോടനം നടത്തിയതെന്നുമുള്ള അവകാശവാദങ്ങളുന്നയിക്കുന്ന മാര്‍ട്ടിന്റെ വീഡിയോ പുറത്തുവന്നത്.
താന്‍ യഹോവ സാക്ഷികളില്‍ ഉള്‍പ്പെട്ടയാളാണെന്നും യഹോവ സാക്ഷികള്‍ രാജ്യദ്രാഹികളാണെന്ന് മനസിലാക്കിയതിനാലാണ് സ്ഫോടനം നടത്തിയതെന്നുമാണ് മാര്ട്ടിന് വീഡിയോയില്‍ പറയുന്നത്. ഫെയ്സ്ബുക്കിലാണ് വീഡിയോ പങ്കുവച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് സുരക്ഷാ ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാര്‍ പറഞ്ഞു. വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.
കളമശ്ശേരിയില്‍ നടന്ന സ്ഫോടനം താനാണ് നടത്തിയതെന്നും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുക്കുന്നതായും മാര്ട്ടിന് വീഡിയോയില്‍ പറയുന്നു. 16 വര്‍ഷമായി സംഘടനയ്ക്കായി പ്രവര്‍ത്തിച്ചയാളാണ് താനെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായാണ് ഇവര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ തെറ്റാണെന്ന് മനസിലാക്കിയതെന്നും മാര്ട്ടിന് പറയുന്നു.
രാജ്യത്തിന് ദ്രോഹമായ കാര്യങ്ങളാണ് യഹോവ സാക്ഷികള്‍ പ്രചരിപ്പിക്കുന്നത്. ലോകത്തുള്ള ജനങ്ങളെല്ലാം നശിച്ചുപോകുമെന്നും നമ്മള് മാത്രം നിലനില്‍ക്കുമെന്നുമാണ് യഹോവ സാക്ഷികള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഈ ചിന്താഗതിക്കെതിരെ പ്രതികരിക്കണമെന്ന് തോന്നിയതിനാലാണ് സ്ഫോടനം നടത്തിയത്. താന്‍ പൊലീസില്‍ കീഴടങ്ങാന്‍ പോവുകയാണെന്നും സ്ഫോടനം നടന്നതിന്റെ രീതികള്‍ ഒരു മാധ്യമങ്ങളും ടെലികാസ്റ്റ് ചെയ്യരുതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തുകയാണ്.