എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപ്പെടുത്തിയ സംഭവം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കസ്റ്റഡിയില്‍
തൊടുപുഴ: ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നിഖില്‍ പൈലി പിടിയില്‍. ഇടുക്കി കരിമണലില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
കൊല ചെയ്തത് നിഖില്‍ പൈലിയാണെന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കൊലപാതകം ആസൂത്രിതമാണോയെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനുശേഷമേ പറയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.
കുയിലിമലയിലെ കോളേജില്‍ യൂണിയന് തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഇന്ന് ഉച്ചയോടെ നടന്ന അക്രമത്തിലാണ് കണ്ണൂര്‍തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതത്തില്‍ രാജേന്ദ്രന്റെ മകന് ധീരജാണ് കുത്തേറ്റ് മരിച്ചത്. അഭിജിത്ത് അമല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴാം സെമസ്റ്റര്‍ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ധീരജ്.
ക്യാമ്പസില്‍ പൊലീസിന്റെ സാന്നിധ്യമുള്ളപ്പോള് തന്നെയാണ് അക്രമം നടന്നതെന്ന് പ്രിന്‍സിപ്പള്‍ ജലജ പറഞ്ഞു. കോളജ് ഗേറ്റിന് പുറത്താണ് സംഭവമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റിരുന്നതെന്ന് കെ.ജി സത്യന് പറഞ്ഞു. പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസുകാരനായ നിഖില്‍ പൈലിയാണ് അക്രമം നടത്തിയതെന്നും അയാള്‍ ഓടിപോകുന്നത് കണ്ടുവെന്നും സത്യന് പറഞ്ഞു.