തൃപ്രയാര്‍ അനിയന്‍മാരാരും സംഘവം നയിക്കുന്ന മേളം, അകമ്പടിയായി തൊണ്ണൂറോളം വാദ്യകാലാകാരന്മാരും; വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് രാത്രി ഏഴരയ്ക്ക്


കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് എഴുന്നള്ളത്ത് ഇന്ന് രാത്രി ഏഴരയ്ക്ക് ക്ഷേത്രാങ്കണത്തിലെത്തും. മധ്യകേരളത്തിന്റെ വാദ്യകലാ ചക്രവര്‍ത്തിമാരില്‍ പ്രമുഖനായ തൃപ്രയാര്‍ അനിയന്‍ മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും തൊണ്ണൂറോളം വാദ്യകലാകാരന്മാരും ആറാട്ട് എഴുന്നള്ളത്തിന് മേളപ്പെരുമ തീര്‍ക്കും.

വലംതലയില്‍ കല്ലൂര്‍ ശബരിയും താളത്തില്‍ മാരായമംഗലം രാജീവും വലം തലയില്‍ തിച്ചൂര്‍ രഞ്ജിത്ത് വാര്യറും കുഴല്‍ പ്രമാണിയായി കാഞ്ഞിലശ്ശേരി അരവിന്ദനും കൊമ്പ് പ്രമാണിയായി മച്ചാട് പത്മകുമാറും ആറാട്ടിന്റെ ഭാഗമാകും.

ആറാട്ടിനുശേഷം പതിനൊന്നുമണിയോടെ പാണ്ടിമേളവും തുടര്‍ന്ന് സോപാനനൃത്തവുമുണ്ടാകും. പന്ത്രണ്ട് മണിക്ക് വാളകം കൂടല്‍ ചടങ്ങോടെ ഉത്സവാഘോഷ ചടങ്ങുകള്‍ അവസാനിക്കും. ഇന്ന് രാത്രി കരിമരുന്ന് പ്രയോഗവുമുണ്ട്.