വീട്ടില്‍ എം.ഡി.എം.എ ഒളിപ്പിച്ച നിലയില്‍; കാക്കൂര്‍, ചേളന്നൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍


ബാലുശ്ശേരി: എം.ഡി.എം.എ യുമായി കാക്കൂര്‍, ചേളന്നൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍. കാക്കൂര്‍ പിസി പാലം ചന്ദനചാലില്‍ വീട്ടില്‍ സി.സി.ആദര്‍ശ്(29), ചേളന്നൂര്‍ ഇരുവള്ളൂര്‍ ചിറ്റടി പുറായില്‍ വീട്ടില്‍ അബു ഷഹമില്‍ (26) എന്നിവരാണ് അറസ്റ്റിലായത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് രണ്ടിടത്തായി നടത്തിയ പരിശോധനയിലാണ് 6.05, ഗ്രാം 3.72 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കാക്കൂരിലെ ആദര്‍ശിന്റെ വീട്ടില്‍ ഒളിപ്പിച്ചു വച്ച 6.05 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. അതേ സമയം അബു ഷഹമിലിനെ ചേളന്നൂര്‍ അരയന്‍കുളങ്ങര എന്‍.കെ നഗര്‍ ജംഗ്ഷനു സമീപമുളള വെയിറ്റിംങ് ഷെഡില്‍ നിന്നാണ് പിടികൂടിയത്. വിശദ പരിശോധനയില്‍ പ്രതിയുടെ കൈവശം സൂക്ഷിച്ച 3.72 ഗ്രാം എം.ഡി എം.എ കണ്ടെടുക്കുകയായിരുന്നു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

പ്രിവന്റീവ് ഓഫിസര്‍ യു.പി.മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.വിപിന്‍, പി.അജിത്ത്, ടി.ആര്‍.രശ്മി എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.