കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബസ് ടെര്‍മിനല്‍ ഉയരും; ഹൈക്കോടതിയുടെ അനുമതി
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ബസ് ടെര്‍മിനലിന് ഹൈക്കോടതിയുടെ അനുമതി. മൂന്നുമാസത്തിനകം നിര്‍മാണം ആരംഭിക്കും. മൂന്നു നിലകളിലുള്ള ടെര്‍മിനലിന്റെ ഏറ്റവും മുകളിലാണ് ബസ് പാര്‍ക്കിങ്. ഒരേ സമയം 20 ബസിന് വന്നു പോകാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം.
എം ഭാസ്കരന് മേയറായിരുന്ന കൗണ്‍സിലാണ് പദ്ധതി വിഭാവനംചെയ്തത്. പ്രവാസി നിക്ഷേപത്തിലൂടെ പിപിപി വ്യവസ്ഥയില്‍ 200 കോടി ചെലവില്‍ നിര്‍മിക്കുന്ന ബസ് ടെര്‍മിനലിനായി രണ്ടര ഏക്കര്‍ സ്ഥലം വാങ്ങി 2009ല്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് തറക്കല്ലിട്ടത്.
ബസ് പാര്‍ക്കിങ് ഫീ കോര്പറേഷന് ലഭിക്കും. ഏറ്റവും താഴെ 800 കാറും 1000 സ്കൂട്ടറും പാര്‍ക്ക് ചെയ്യാം. തിയറ്റര്‍, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുമുണ്ടാകും. കോര്‍പറേഷന്റെ ഓഫീസും ഇതിലുണ്ട്.
മാവൂര്‍ റോഡിലൂടെ ടെര്‍മിനലിലേക്കും പൊലീസ് സ്റ്റേഷനു സമീപത്തുകൂടി കാരന്തൂര്‍ റോഡിലേക്ക് പുറത്തേക്കുമാണ് ബസുകള്‍ പോവുക. മെഡിക്കല്‍ കോളേജ്-കാരന്തൂര്‍ റോഡ് 24 മീറ്ററാക്കും.
ആശുപത്രിയിലുള്ളവര്‍ക്ക് ബസ് ടെര്‍മിനലിലെത്താന്‍ മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തില്‍നിന്ന് 15 മീറ്റര്‍ വീതിയില്‍ എസ്കലേറ്റര്‍ സൗകര്യത്തോടെ തുരങ്കപാതയും പരിഗണനയിലുണ്ട്. രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ബസ് ടെര്‍മിനല്‍ കിന്‍ഫ്രയാണ് നിര്‍മിക്കുക.