മഴ ശക്തമാകുന്നു; കോഴിക്കോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലയില്‍ ജാഗ്രത നിര്‍ദേശം


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം. വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വീണ്ടും ന്യൂനമർദ്ദസാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് റിപ്പോർട്ട്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും നിലനിൽക്കുന്നുണ്ട്.

തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17-ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്ക്ക്‌ സാധ്യത. ഒക്ടോബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസങ്ങളിലേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും
16-ാം തീയതി തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌, കണ്ണൂർ, കാസർകോഡ് ജില്ലകളിലും
17-ാം തീയതി ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌ ജില്ലകളിലും
18-ാം തീയതി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രത്യേക ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്നും, വരും ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.