സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിക്കുന്നത്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ അടുത്ത രണ്ടു ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. ശക്തമായ തിരമാലയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യത പരിഗണിച്ചും ജാഗ്രത പാലിക്കണം.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയെന്നും രാത്രിയോടെ പഞ്ചിമിനും രത്നഗിരിക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്- പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.