വീടുകള്‍, അമ്പലങ്ങള്‍… കൊയിലാണ്ടിയിലും പരിസരത്തും മോഷണ സംഭവങ്ങള്‍ പതിവാകുന്നു; അടുത്തിടെ നടന്നത് ആറോളം മോഷണങ്ങള്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം പതിവാകുന്നു. ഒരുമാസത്തിനിടെ ആറോളം മോഷണങ്ങളാണ് കൊയിലാണ്ടി പയ്യോളി പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്നത്. ഇതില്‍ വീടുകളും അമ്പലങ്ങളും ഉള്‍പ്പെടും. ഇതിന് പുറമേ കൊയിലാണ്ടിയില്‍ ബൈക്ക് മോഷണങ്ങളും പതിവാണ്.
ഏറ്റവും ഒടുവിലായി ഇന്ന് പുലര്‍ച്ചെ ആനക്കുളത്തെ ഒരു വീട്ടിലാണ് മോഷണം നടന്നത്. ആനക്കുളത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയാണ് മോഷ്ടിച്ചത്. സെപ്തംബര്‍ 22ന് വെളളിയാഴ്ച അരിക്കുളത്തും അടച്ചിട്ട വീട്ടില്‍ കള്ളന് കയറിയിരുന്നു.
ഈ മാസം തന്നെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങള്‍ വേറെയുമുണ്ട്. സെപ്തംബര്‍ 24ന് ഇരിങ്ങത്ത് കുപ്പേരിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നിരുന്നു. സെപ്തംബര്‍ 23 ശനിയാഴ്ച സമാന രീതിയില്‍ കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തിനു മുന്നിലുളള മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു.
ബൈക്ക് മോഷണങ്ങള്‍ കൊയിലാണ്ടിയില്‍ നിത്യ സംഭവം പോലെയാണ്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ചുമാത്രം ഒരുമാസത്തിനിടെ രണ്ട് ബൈക്കുകളാണ് മോഷണം പോയത്. മോഷണ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ശക്തിപ്പെടുത്തണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. അടുത്തിടെ റിപ്പോര്‍ട്ടു ചെയ്ത മിക്ക കേസുകളിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇത് ആളുകള്‍ക്കിടയില്‍ ഭീതി വര്‍ധിപ്പിക്കുന്നുണ്ട്. തനിച്ച് താമസിക്കുന്ന സ്ത്രീകളും മറ്റും ഭയത്തോടെയാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് പട്രോളിങ്ങ് ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികളുണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.