നിപ, ആശ്വാസമായി അഞ്ചാം ദിനവും; ഇന്നും കോഴിക്കോട് ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല, സമ്പര്‍ക്ക പട്ടികയിലുള്ളത് 981 പേര്‍


കോഴിക്കോട്: വ്യാഴാഴ്ച്ചയും പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.

ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.