വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത്; നിര്‍ദേശവുമായി ആരോഗ്യമന്ത്രി


കോഴിക്കോട്: കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യമന്ത്രി.

സമ്പര്‍ക്കത്തിലുള്ള ആളുകളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രോഗ നിര്‍ണയത്തിനായി സംസ്ഥാനത്ത് ലാബുകള്‍ സജ്ജമാണ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഇതിന് സംവിധാനമുണ്ടെന്നും മന്ത്രി അറിയിച്ചു.

ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. രോഗ ലക്ഷണം ഇല്ലാത്തവരില്‍ നിന്നും നിപ മറ്റൊരാളിലേക്ക് പടരില്ല. കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വവ്വാല്‍ അല്ലാതെ മറ്റൊരു സസ്തനിയില്‍ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണം ഉള്ള കുട്ടികളെ സ്‌കൂളില്‍ വിടരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നിപ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന ഒന്‍പതുവയസുകാരന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനും നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം.