നിപ്പ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിക്ക് രോഗം ബാധിച്ചത് സ്വന്തം തോട്ടത്തില്‍ നിന്നാണോയെന്ന് സംശയം; തോട്ടത്തില്‍ വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തി
കോഴിക്കോട്: മരുതങ്കോരയില്‍ നിപ്പ ബാധിച്ച് മരിച്ച മുഹമ്മദലിക്ക് വൈറസ് ബാധയുണ്ടായത് സ്വന്തം തോട്ടത്തില്‍ നിന്നാണോയെന്ന് സംശയം. ഇതിന്റെ ഭാഗമായി പരിശോധയ്ക്കെത്തിയ വിദഗ്ദ സംഘം മുഹമ്മദാലിയുടെ തോട്ടത്തിലുള്‍പ്പെടെ വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ സംഘമാണ് മുഹമ്മദിന്റെ വീട്, തോട്ടം , തറവാട് വീട് എന്നിവ സന്ദര്‍ശിച്ചത്. മുഹമ്മദിന്റെ വീട്ടുവളപ്പില്‍ നിന്നും വവ്വാല്‍ കടിച്ച നിലയില്‍ അടയ്ക്ക, വാഴക്കൂമ്പ്, ആപ്പിള്‍ ചാമ്പ, പപ്പായ എന്നിവ കണ്ടെത്തി. ഇവയില്‍ വൈറസ് സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനയ്ക്കയക്കും.
ദിവസങ്ങള്‍ക്കു മുന്‍പ് തോട്ടത്തില്‍ നിന്നും വാഴക്കുല വെട്ടിയതായും വിവരം ലഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലും തൊട്ടില്‍പ്പാലം ആശുപത്രി, കളളാടിലെ അമാന ആശുപത്രി എന്നിവടങ്ങളിലും അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ടോം വില്‍സന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു.
അതേ സമയം ആയഞ്ചേരി പഞ്ചായത്തില്‍ നിപ ബാധിച്ച് മരിച്ച ഹാരിസിന്റെ വീടും പരിസരവും വിദഗ്ദ സംഘം പരിശോധിച്ചു. മരിച്ച മുഹമ്മദലിയുമായി ആശുപത്രിയില്‍ വച്ച് സമ്പര്‍ക്കമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ടു മിനിറ്റു നേരം മാത്രമാണ് ഇവര്‍ തമ്മില്‍ ഒന്നിച്ചുണ്ടായതെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഹാരിസിന്റെ വീടും പരിസരവും പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇവിടെ നിന്നും വവ്വാല്‍ കടിച്ച നിലയില്‍ അടയ്ക്കകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് വവ്വാല്‍ ശല്യമുളളതായാണ് സംഘത്തിന്റെ കണ്ടെത്തല്‍. നിലവില്‍ ഇതും പരിശോധനയ്ക്കയക്കുമെന്ന് സംഘം പറഞ്ഞു.
ഡോ. കെ.വി. അമൃത, ഡോ. സാജില്‍ എന്നിവരും സംഘത്തിലുണ്ടായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വെള്ളിലോട്ട് അഷ്റഫ്, വാര്‍ഡംഗം എ. സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. സജീവന്‍, ജെ. എച്ച്. ഐ.പി സജീവ് എന്നിവര്‍ സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്.