കൊയിലാണ്ടി നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നായി രണ്ടായിരത്തോളം കർഷകർ അംഗങ്ങൾ; അന്താരാഷ്ട്ര പുരസ്കാരനിറവിൽ കോക്കനട്ട് കമ്പനി


കൊയിലാണ്ടി: മികച്ച കമ്പനിക്കുള്ള കേന്ദ്ര സർക്കാരിന്റെ അന്തർദേശീയ പുരസ്കാരം വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക്‌. 20 നാളികേര ഉത്പാദക രാജ്യങ്ങളിലെ ഏറ്റവും മികച്ച പ്രൊഡ്യൂസര്‍ കമ്പനിക്കുള്ള പുരസ്‌ക്കാരമാണ് കമ്പനിക്ക് ലഭിച്ചത്. കൊയിലാണ്ടി നഗരസഭയിലും മൂടാടി, ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തുകളിലുമായി രണ്ടായിരത്തോളം കർഷകർ അംഗങ്ങളായുള്ള കമ്പനിയാണ് വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ.

കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദാഞ്ജയിൽ നിന്ന് കമ്പനി ചെയർമാൻ പ്രൊഫ. ഇ ശശീന്ദ്രൻ, സെക്രട്ടറി ഇ കെ കരുണാകരൻ, ഡയറക്ടർ ടി ബാലൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. എൻ.എ നല്ലിക്കുന്ന് എംഎൽഎ അധ്യ ക്ഷനായി. ഡോ:വി ബി പട്ടേൽ, രേണുകുമാർ, ഡോ. കെ.ബി ഹെബ്ബാർ, ബി ഹനുമന്ത് ഗൗഡ എന്നിവർ സംസാരിച്ചു. കാസർകോട്ടെ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രവും സംസ്ഥാന നാളികേര വികസന ബോർഡും ചേർന്ന് സംഘടിപ്പിച്ച ലോക നാളികേര ദിനം 2023 ആഘോഷത്തോടനുബന്ധിച്ച് കാസർകോട്ട് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.

2015ലാണ് വടകര കരിമ്പലപ്പാലത്ത് വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ആധുനിക ശാസ്ത്രീയ കൃഷിരീതിയെക്കുറിച്ച് കര്‍ഷകര്‍ക്ക്‌ പരിശീലനം നല്‍കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചും പരിചയപ്പെടുത്തിയും കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, അത്യുല്‍പ്പാദനശേഷിയുള്ളതും ഹൈബ്രിഡ് ഇനത്തിലുള്ളതുമായ തൈകള്‍ ലഭ്യമാക്കുന്നതിനുള്ള നഴ്‌സറികള്‍ ആരംഭിക്കുക തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഡബിള്‍ ഫില്‍റ്റര്‍ ചെയ്ത വെളിച്ചെണ്ണ, നീര തേന്‍, നീര ചോക്ലേറ്റ്, നീര വിനാഗിരി, ശര്‍ക്കര എന്നിവയാണ് കമ്പനിയിലെ ഉല്‍പ്പനങ്ങള്‍. വടകരയിലെ സ്ഥാപനത്തോടൊപ്പം തന്നെ 2015ല്‍ ചെമ്മരത്തൂരില്‍ നീര പ്ലാന്റും സ്ഥാപിച്ചിരുന്നു. രണ്ട് കമ്പനികളിലായി നിലവില്‍ നാല്‍പ്പതോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

പ്രതിദിനം 12,000ലിറ്റര്‍ നീര സംസ്‌ക്കരിക്കാന്‍ ശേഷിയുള്ളതാണ് ചെമ്മരത്തൂരിലെ നീര പ്ലാന്റ്. സിഡിബി അനുശോസിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇവിടെ നീരയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്.