ദിവസവും ഓട്‌സ് കഴിക്കാറുണ്ടോ? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്നറിയണ്ടേ!



സുഖമുള്ളവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കും മാത്രമല്ല, ഏവര്‍ക്കും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ആഹാരമാണ് ഓട്‌സ്. പ്രഭാതഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതായി വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്.

ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്സ്. ഓട്സില്‍ ധാരാളം ബീറ്റാ-ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുമ്പോള്‍ ഗ്ലൈസെമിക് സൂചിക കുറയ്ക്കുന്നു.

ഓട്സിലെ ഉയര്‍ന്ന നാരുകള്‍ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കന്‍ ഫൈബര്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്‍ അളവിന്റെയും വര്‍ദ്ധനവ് കുറയ്ക്കുകയും ചെയ്യും. ഓട്സില്‍ നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്.

ഈ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഓട്‌സ് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. അവയില്‍ ധാരാളം ലയിക്കുന്ന നാരുകള്‍ ഉള്‍പ്പെടുന്നു. ഓട്സ് നാരുകള്‍ ദഹന ക്രമം നിലനിര്‍ത്താനും മലബന്ധം തടയാനും സഹായിക്കുന്നു. ഇത് നാരിന്റെ മറ്റൊരു ഗുണമാണ്.

ഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത് തടയും.

ഓട്സില്‍ ധാരാളം ഒമേഗ-6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓട്‌സ് മുടിയെ കട്ടിയുള്ളതാക്കുകയും മുടികൊഴിച്ചയില്‍ തടയുകയും ചെയ്യുന്നു.