വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചു; മൂന്നുപേരുടെ നില ഗുരുതരം


മാനന്തവാടി: വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. തേയില തൊഴിലാളികളുമായി പോകുന്ന ജീപ്പ് മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപത്തുവെന്ന് നിയന്ത്രണംവിട്ട കൊക്കയിലേക്ക് മറിയുകയായിരുന്നു.

കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നാണ് വിവരം. പതിനൊന്ന് സ്ത്രീകളും ഡ്രൈവറുമാണ് ജീപ്പിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ഓടെയാണ് ജീപ്പ് അപകടത്തില്‍പെടുന്നത്. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടനടി മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.

കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. കണ്ണോത്തുമലയിലും വെണ്‍മണിയിലും ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്.

വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവരുടെ ചികിത്സ ഉള്‍പ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും ആവശ്യമായ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.