ദുല്‍ഖറിനെ വെല്ലുന്ന വില്ലനായി വടകരക്കാരന്‍; കിംഗ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലാറക്കലിന്റെ മിന്നും പ്രകടനം


വടകര: ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം കിംങ് ഓഫ് കൊത്ത തീയേറ്റില്‍ കൈയടി നേടുമ്പോള്‍ വടകരകാര്‍ക്കും അഭിമാനിക്കാം. ദുല്‍ഖറിന്റെ വേഷത്തിനോട് പോരാടുന്ന സിനിമയിലെ പ്രധാന വില്ലനായി എത്തിയത് വടകരക്കാരനായ ഷബീര്‍ കല്ലാറക്കലാണ്. നായകനും വില്ലനും തമ്മില്‍ ഏറ്റുമുട്ടുന്ന പല സംഘട്ടന രംഗങ്ങളും തീയേറ്ററില്‍ കൈയടിയോടെയാണ് പ്രേഷകര്‍ സ്വീകരിക്കുന്നത്.

സിനിമയുടെ തുടക്കത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രമായ രാജുവിന്റെ ആത്മ മിത്രമായാണ് ഷബീറിന്റെ കണ്ണന്‍ എന്ന കഥാപാത്രം എത്തുന്നത്. പിന്നീട് സുഹൃത്തില്‍ നിന്ന് പ്രധാന വില്ലന്റെ വേഷത്തിലേക്കുള്ള മാറ്റം ഷെബിറീന്റെ അഭിനയ മികവിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ദുല്‍ഖറിനൊപ്പം അല്ലെങ്കില്‍ ദുല്‍ഖറിനെക്കാള്‍ ഒരു പടി മുന്നിലാണ് ഷബീറിന്റെ കണ്ണനെന്ന കഥാപാത്രമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

വടകരകാരനാണെങ്കിലും തമിഴ് സിനിമാ രംഗത്താണ് ഷബീര്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘സര്‍പ്പട്ട പറമ്പരൈ’ എന്ന ചിത്രത്തിലെ ഡാന്‍സിങ് റോസ് എന്ന കഥാപാത്രം മാത്രം മതി അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് സുപരിചിതനാവാന്‍.. നായകനും വില്ലനും അല്ലാതിരുന്നിട്ട് പോലും അസാമാന്യ മെയ് വഴക്കത്തോടെ ഇടിക്കൂട്ടില്‍ നിറഞ്ഞാടിയ ഷബീറിന്റെ ഡാന്‍സിങ് റോസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മറ്റൊരു അഭിനയ മികവായിരുന്നു.

2004 ആയുധ എഴുത്ത് എന്ന സിനിമയിലൂടെയാണ് ഷബീര്‍ സിനിമാരംഗത്ത് എത്തുന്നത്. എന്നാല്‍ ആ സിനിമയില്‍ അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷമല്ലായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. പിന്നീട് ലക്ഷ്മി രാമകൃഷ്ണന്റെ നേരുങ്ങി വാ മുത്തമിടാതെ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. നടിമാരായ പിയ ബാജ്പിയുടെയും ശ്രുതി ഹരിഹരന്റെയും കൂടെ മികച്ച അഭിനയമായിരുന്നു ചിത്രത്തില്‍ ഷബീര്‍ കാഴ്ച വെച്ചത്. പിന്നീട് 2016ല്‍ 54321 എന്ന സിനിമയിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച്ച വെച്ചു.

നാടക രംഗത്തെ അഭിനയ പരിചയവും ഏത് വേഷവും ഇണങ്ങുന്ന പ്രകൃതവുമായതിനാല്‍ തന്നെ പ്രതിനായകന്റെ വേഷത്തിലാണ് തമിഴ് സിനിമാ രംഗത്ത് തിളങ്ങിയത്. 2018ല്‍ അടങ്ക മറു എന്ന ചിത്രത്തിലും 2019ല്‍ കാര്‍ത്തിക് സുബ്ബരാജിന്റെ മറ്റൊരു ചിത്രത്തിലും താരം വേഷമിട്ടു.