വീടുപണിക്കായി അടുക്കിവെച്ച കല്ല് വീണു; മലപ്പുറത്ത് നാലുവയസുകാരിക്ക് ദാരുണാന്ത്യം


മലപ്പുറം: വീടുപണിക്കായി അടുക്കി വച്ച കല്ല് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കുനോള്‍മാട് ചിമ്മിണിപ്പറമ്പിലാണ് സംഭവം. കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകള്‍ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു.

പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ പടികള്‍ പോലെ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തിനിടെ കല്ല് അടര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൂനോള്‍മാട് എ.എം.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ്. ആറാം ക്ലാസുകാരന്‍ ഗൗതം കൃഷ്ണയാണ് സഹോദരന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.