സഖാവിന്റെ വീരസ്മരണ പുതുക്കി; സിൽക്ക് ബസാറിൽ പി കൃഷ്ണപിള്ള അനുസ്മരണവും പൊതുയോഗവും


കൊയിലാണ്ടി: കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപക നേതാക്കളിലെരാളും സ്വാതന്ത്ര്യ സമര നേതാവുമായ സഖാവ് കൃഷ്ണപിള്ളയുടെ എഴുപത്തിയഞ്ചാം ചരവമാർഷികത്തോടുനബന്ധിച്ച് അനുസ്മരണവും പൊതുയോഗവും സംഘടിപ്പിച്ചു. സിൽക്ക് ബസാറിൽ ചെന്താരാവായശാലയ്ക്ക് സമീപം സംഘടിപ്പിച്ച പരിപാടിയിൽ അനൂപ് കക്കോടി അനുസ്മരണ പ്രഭാഷണം നടത്തി. കൃഷ്ണപ്പിള്ളയുടെ പോരാട്ടം പുതിയ കാലത്ത് രാജ്യം നേരിടുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ കുരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 19 പി കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനമാണ്. ഒരു ജനതയെ നവോത്ഥാനത്തിന്റെയും വര്‍ഗ്ഗബോധത്തിന്റെയും ആശയപ്രപഞ്ചത്തിലേക്ക് നയിച്ച വ്യക്തിയായിരുന്നു പി കൃഷ്ണപിള്ള. ചെറുപ്പത്തില്‍ തന്നെ ഗാന്ധിയനായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായും രാഷ്ട്രീയ ജീവിതം ആരംഭിച്ച കൃഷ്ണപിള്ള ക്രമേണ കമ്മ്യൂണിസ്റ്റ് ചായ്‌വുള്ള ഒരു സോഷ്യലിസ്റ്റായി രൂപാന്തരപ്പെടുകയായിരുന്നു. 1938-ല്‍ അദ്ദേഹം ആലപ്പുഴയില്‍ പ്രസിദ്ധമായ തൊഴിലാളി സമരം സംഘടിപ്പിച്ചു. 1946-ലെ പുന്നപ്ര-വയലാര്‍ സമരത്തിനും തിരുവിതാംകൂറിലെ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിന്റെ പതനത്തിനു പിന്നിലെ പ്രചോദന ഘടകങ്ങളിലൊന്ന് ഈ സമരമായിരുന്നു.

1948 -ല്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ സായുധ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള കല്‍ക്കത്ത തീസിസ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചപ്പോള്‍, പാര്‍ട്ടിക്ക് രാജ്യവ്യാപകമായി നിരോധനം നേരിടേണ്ടിവന്നു. കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലേക്ക് പോകാന്‍ നിര്‍ബന്ധിതരായി.1948 ഓഗസ്റ്റ് 19 ന് മുഹമ്മയിലെ ഒരു തൊഴിലാളിയുടെ കുടിലില്‍ ഒളിവിലിരിക്കുമ്പോള്‍ പാമ്പ് കടിയേറ്റായിരുന്നു കൃഷ്ണപിള്ളയുടെ മരണം. 42 വയസ്സ് മാത്രമായിരുന്നു അന്ന് കൃഷ്ണപിള്ളയുടെ പ്രായം.

1937ൽ കോഴിക്കോട്ട് രൂപീകരിച്ച കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ യൂണിറ്റിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. കയർ, കോട്ടൺമിൽ, ബീഡി–നെയ്ത്ത് തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ചതിൽ കൃഷ്ണപിള്ളയ്‌ക്ക്‌ നേതൃപരമായ പങ്കുണ്ട്‌. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറിയുമാണ്‌.

പി കൃഷ്ണപ്പിള്ള ദിനാചരണം സംസ്ഥാനത്തുടനീളം സമുചിതമായാണ് ആചരിച്ചത്. അതിന്റെ ഭാ​ഗമായാണ് കൊയിലാണ്ടി ആനക്കുളം ലോക്കലിലെ മന്ദമം​ഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എ പി സുധീഷ് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കെ ടി സിജേഷ്, പി കെ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

Summary: P Krishnapilla Memorial and Public Meeting at Silk Bazaar