ട്രെയിനിൽ ടി.ടി.ഇ.യ്ക്ക് നേരേ വീണ്ടും ആക്രമണം, കത്തിവീശി; സംഭവം വടകരയ്ക്ക് സമീപം വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍
വടകര: ട്രെയിനില്‍ വീണ്ടും ടി.ടി.ഇ.യ്ക്ക് നേരേ ആക്രമണം. മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിൻ വടകരയ്ക്ക് സമീപം എത്തിയപ്പോൾ ടിടിഇ ഋഷി ശശീന്ദ്രനാഥിനെ യാത്രക്കാരൻ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ബിജുകുമാര്‍ എന്നയാളെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ലീപ്പര്‍കോച്ചില്‍ മദ്യലഹരിയില്‍ യാത്രചെയ്തിരുന്ന ബിജുകുമാര്‍ ട്രെയിന്‍ കണ്ണൂര്‍ വിട്ടതുമുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായാണ് വിവരം. തുടര്‍ന്നാണ് ടി.ടി.ഇ.യായ ഋഷി ശശീന്ദ്രനാഥിനെ ആക്രമിച്ചത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഇയളോട് സ്റ്റേഷനില്‍ ഇറങ്ങാന്‍ ടിടിഇ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യാത്രക്കാരന് കത്തി വീശി അക്രമിക്കുകയായിരുന്നു. ഇതോടെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. അക്രമണത്തില്‍ കഴുത്തിന് പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.
Related News –യാത്രക്കിടെ ട്രെയിനില്‍ വനിതാ ടി.ടി.ഇ.യുടെ മുഖത്തടിച്ചു; കൊയിലാണ്ടിയിൽ വച്ച് കോച്ച് മാറിയക്കയറിയ യാത്രക്കാരൻ പോലീസ് പിടിയിൽ
ഇന്നലെ വനിതാ ടിടിഇയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്സ്പ്രസിൽ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിലാണ് ആക്രമണമുണ്ടായത്. ടി.ടി.ഇ.യായ പാലക്കാട് സ്വദേശി രജിതയുടെ മുഖത്തടിച്ച പ്രതി കൊയിലാണ്ടിയിൽ വച്ച് കമ്പാർട്ട്മെന്റ് മാറി കയറിയെങ്കിലും പ്രതിയെ മറ്റുയാത്രക്കാർ ചേർന്ന് പിടികൂടി പോലീസിൽ എൽപ്പിച്ചു. റിസര്‍വേഷന്‍ കോച്ചില്‍ സാധാരണടിക്കറ്റുമായി യാത്രചെയ്തയാളോട് കോച്ചില്‍നിന്ന് മാറിയിരിക്കണമെന്ന് പറഞ്ഞതിനായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിയായ രൈരു(74)വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Summary: Attack again on TTE. The incident took place on Westcoast Express near Vadakara