‘ഗ്രാമസഭയെടുത്ത തീരുമാനത്തെ തള്ളിക്കളയുന്നത് ഗ്രാമവാസികളെ അവഹേളിക്കുന്നതിന് തുല്യം’; അരിക്കുളത്തെ എം.സി.എഫ് നിർമ്മാണത്തിനെതിരെ ഓംബുഡ്‌സ്‌മാൻ


അരിക്കുളം: അരിക്കുളം പഞ്ചായത്തിന്റെ പുറമ്പോക്ക് സ്ഥലത്ത് എം.സി.എഫ്. സ്ഥാപിക്കുന്നതിനെതിരേ ഗ്രാമസഭയെടുത്ത തീരുമാനത്തെ തള്ളിക്കളയുന്നത് ഗ്രാമവാസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്‌മാന്റെ പരാമർശം. അരിക്കുളത്തെ പള്ളിക്കൽ കനാൽ സൈഫണിന് സമീപം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ കർമ സമിതി കൺവീനർ സി രാഘവൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഇക്കാര്യം പരാമർശിച്ചത്. വിവാദനിർമാണം ഗ്രാമവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ഗ്രാമവാസികൾ ഒന്നടങ്കം പറയുമ്പോൾ അനുയോജ്യമായ മറ്റെതെങ്കിലും സ്ഥലമുണ്ടോയെന്ന് അന്വേഷിക്കുന്നതിൽ അനൗചിത്വമൊന്നുമില്ലെന്ന് ഓംബുഡ്‌സ്‌മാൻ നിർദേശിച്ചു.

ഗ്രാമസഭാ പ്രമേയത്തെ മറികടന്ന് ഒരു തീരുമാനമെടുത്ത് അത് അടിച്ചേൽപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതിക്കാവില്ല. ജില്ലാ ദുരന്തനിവാരണ കമ്മറ്റി ചെയർമാന്റെ ഉത്തരവ് നടപ്പിലാക്കുകയാണെങ്കിൽ പോലും അത് പഞ്ചായത്ത് രാജ് നിയമം 3 A വകുപ്പിന്റെ ഒന്നാം ഉപവകുപ്പിലെ (എം) (എൻ) ഖണ്ഡങ്ങൾക്ക് വിധേയമായി മാത്രം നടപ്പിലാക്കേണ്ടതാണെന്നും ഓംബ്ഡ്സ്മാൻ വ്യക്തമാക്കി. ഗ്രാമസഭ ഒരു ഉപദേശക സമിതി മാത്രമാണ് എന്ന വാദമാണ് ഗ്രാമപഞ്ചായത്ത് ഉയർത്തിയിരുന്നത്. ഈ വാദവും ഓമ്പുഡ്സ്മാൻ സ്വീകരിച്ചില്ല.

എം.സി.എഫ്. നിർമാണവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അതിന്റെ അന്തിമ തീർപ്പു വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. പരാതിക്കാരന് നിലവിൽ ഹൈകോടതിയിലുള്ള കേസിൽ കക്ഷി ചേർന്ന് വാദങ്ങൾ ഉന്നയിക്കാവുന്നതാണെന്നും ഓമ്പുഡ്സ്മാൻ വ്യക്തമാക്കി

ഗ്രാമസഭാ തീരുമാനത്തെ മറികടന്ന് 7.71 ലക്ഷം രൂപ മുടക്കിയാണ് എം.സി.എഫ്. പണിയാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതും നിർമാണപ്രവർത്തനം ആരംഭിച്ചതും. കളിസ്ഥലമായും പൊതു ഇടമായും ഉപയോഗിച്ചുവരുന്ന കനാൽ പുറമ്പോക്ക്‌സ്ഥലത്ത് മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കരുതെന്നായിരുന്നു ഗ്രാമസഭ ആവശ്യപ്പെട്ടത്. കൂടാതെ ഇതിന് സമീപത്തായി അംഗൻവാടി,എൽ പി സ്കൂൾ,ഗ്രന്ഥശാല, ജലസേചന കനാൽ എന്നിവയുമുണ്ട്.


Also Read- അരിക്കുളത്തെ എം.സി.എഫ്. കെട്ടിടനിർമാണം നിർത്തിവെക്കണമെന്ന് ഓംബുഡ്‌സ്മാൻ


പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരം എം.സി.എഫ്. പ്രശ്നം മാത്രം ചർച്ച ചെയ്യാൻ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർക്കുകയും പങ്കെടുത്ത 117 പേരിൽ 116 പേരും നിർദ്ദിഷ്ട സ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ല എന്ന പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു. വർഷങ്ങളായി കായിക വിനോദത്തിനും പൊതു പരിപാടികൾക്കും ഉപയോഗിച്ച് വരുന്ന കനാൽ പുറംപോക്കിൽ മാലിന്യസംഭരണ കേന്ദ്രം വേണ്ടെന്ന നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. തുടർന്ന് ഗ്രാമസഭാ പ്രമേയത്തെ തള്ളിക്കളഞ്ഞ് ഇതേസ്ഥലത്ത് തന്നെ കേന്ദ്രം പണിയുന്നതിനായി അരിക്കുളം ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ഭരണസമിതി നിർമ്മാണ കരാറിലേർപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് കർമസമിതി പഞ്ചായത്ത് ഓംബുഡ്‌സ്‌മാന് പരാതിനൽകുകയായിരുന്നു. എം.സി.എഫിന്റെ നിർമാണനടപടികൾ നിർത്തിവെക്കാൻ ഉത്തരവ് ഉണ്ടാകണമെന്നായിരുന്നു കർമസമിതിയുടെ ആവശ്യം. നിർമാണപ്രവർത്തനം തുടങ്ങുന്നതിനു മുമ്പേതന്നെ കർമ്മസമിതി ഓംബുഡ്‌സ്‌മാനെ സമീപിച്ചിരുന്നു.

എം.സി.എഫിനെതിരെ കഴിഞ്ഞ നാല് വർഷമായി ജനകീയകർമ സമിതി സമര രംഗത്തുണ്ട്. മാസങ്ങൾക്കുമുമ്പുനടന്ന രാപകൽ സമരപ്പന്തലിലേക്ക്‌ പോലീസ് ഇരച്ചുകയറി സമരപ്രവർത്തകരെ വലിച്ചിഴച്ച് അറസ്റ്റുചെയ്ത് നീക്കി പോലീസ് കാവലിലാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ താത്ക്കാലികമായി നിർത്തി വെക്കാൻ ജൂൺ പത്തിന് പഞ്ചായത്ത് ഓംബുഡ്സ്മാൻ പഞ്ചായത്ത് അധികാരികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. തൊട്ടടുത്ത കീഴരിയൂർ, തുറയൂർ എന്നീ പഞ്ചായത്തുകളിൽ ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് എം.സി.എഫ്. നിർമാണം നടത്തിയിട്ടില്ലെന്നകാര്യം പരാതിക്കാരൻ ഉന്നയിച്ചിരുന്നു. ഇക്കാര്യംകൂടി കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണെന്നും ഓംബുഡ്സ്മാൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എം.സി.എഫുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് അരിക്കുളത്തും എം.സി.എഫ് നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എം സു​ഗതൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എം.സി.എഫ്. നിർമാണവുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഓംബുഡ്സ്മാന്റെ ഉത്തരവിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്ത് പ്രസിഡന്റിനു വേണ്ടി അഡ്വ: കെ.ടി. ശ്രീനിവാസൻ ഹാജരായപ്പോൾ ജനകീയ കർമസമിതിയ്ക്കുവേണ്ടി കൺവീനർ സി.രാഘവനാണ് ഓംബുഡ്സ്മാൻ മുമ്പാകെ കേസ് വാദിച്ചത്.

Summary: ‘Rejecting the decision taken by the Gram Sabha is tantamount to insulting the villagers’; Ombudsman against construction of MCF in Arikulam