ട്യൂഷന്‍ സെന്ററുകളുടെ രാത്രികാല ക്ലാസുകള്‍ ഇനി പാടില്ല, വിനോദയാത്രകള്‍ക്കും വിലക്ക്


കോഴിക്കോട്: ട്യൂഷന്‍ സെന്ററുകളില്‍ നിന്നും വിനോദയാത്ര പോകുന്നതിനും രാത്രികാല ക്ലാസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ബാലാവകാശ കമ്മീഷന്‍. രാത്രികാല ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതിനാലാണ് വിലക്ക്. ഉത്തരവില്‍ അറുപത് ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാലാവകാശ കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം.

വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പല ട്യൂഷന്‍ സെന്ററുകളും പാലിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി. അദ്ധ്യാപകര്‍ ഒപ്പമില്ലാതെയും ഭീമമായ തുക വാങ്ങിയുമാണ് ട്യൂഷന്‍ സെന്ററുകള്‍ വിനോദയാത്രകള്‍ നടത്തുന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. സ്‌കൂളുകളില്‍ നിന്ന് വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നതിനാല്‍ ട്യൂഷന്‍ സെന്ററുകളില്‍ വിദ്യാര്‍ത്ഥികളെ വിനോദയാത്രയ്ക്ക് നിര്‍ബന്ധിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

പല ട്യൂഷന്‍ സെന്ററുകളും ആരാണ് നടത്തുന്നതെന്ന കൃത്യമായ വിവരമില്ലാത്തതിനാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ പാടില്ലെന്നും ബാലാവകാശ കമ്മിഷന്‍ അംഗം റെനി ആന്റണി ചൂണ്ടിക്കാട്ടി.