കൈത്താങ്ങായി നാട്ടുകാരും മജ്ജ നല്‍കാന്‍ സഹോദരനുമെത്തിയെങ്കിലും പ്രതീക്ഷ തകര്‍ത്ത് അവന്‍ യാത്രയായി; പുത്തന്‍പുരയില്‍ സജീഷിന്റെ വിയോഗം മജ്ജമാറ്റിവെക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവെ


കൊയിലാണ്ടി: കൈത്താങ്ങായി നാടും നാട്ടുകാരും വീട്ടുകാരും ഒരുമിച്ചുനിന്നെങ്കിലും മേലൂര്‍ ആന്തട്ട പുത്തന്‍ പുരയില്‍ സജീഷിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിഞ്ഞില്ല. സജീഷ് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ അദ്ദേഹം വിടവാങ്ങുകയായിരുന്നു.

ലൂക്കീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ സജീഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി മജ്ജമാറ്റിക്കലിലൂടെ മാത്രമേ കഴിയൂവെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതനുസരിച്ച് സജീഷിന്റെ ചേട്ടനെ ഡോണറായി കണ്ടെത്തിയിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന അദ്ദേഹം നാട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ സജീഷിന്റെ ആരോഗ്യാവസ്ഥ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ലുക്കീമിയ സ്ഥിരീകരിച്ചതിന് പിന്നാലെ പോണ്ടിച്ചേരി ജിപ്മർ ചികിത്സ തേടിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമാണെന്നും കൂടുതലൊന്നും ചെയ്യാനാവില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായെത്തി. അവിടെനിന്നും ഡോക്ടര്‍മാര്‍ സമാനമായ അഭിപ്രായമാണ് പറഞ്ഞത്. പിന്നീടാണ് മിംസ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. കഴിഞ്ഞ ഒരുമാസത്തോളമായി മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്തുക പ്രയാസമായിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാരും സുമനസുകളും ചേര്‍ന്ന് പണം സ്വരൂപിച്ചുകൊണ്ടിരിക്കയും തുടര്‍ ചികിത്സയ്ക്കായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് സജീഷിന്റെ വിയോഗം.

കൊയിലാണ്ടി പഴയ ചിത്ര ടാക്കീസ് പരിസരത്ത് ടൂവീലര്‍ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന ആളാണ് സജീഷ്. എന്നാല്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക പ്രതീക്ഷയും താങ്ങുമായിരുന്നു സജീഷ്.

പരേതനായ കുട്ടികൃഷ്ണന്‍ നായരുടെയും ലീലയുടെയും മകനാണ്.
ഭാര്യ: ശല്‍ന
മക്കള്‍: കൃഷ്ണഭദ്ര, ഭദ്രനാഥ്.