കളന്‍തോട് എം.ഇ.എസ് കോളജിലെ റാഗിങ്; അഞ്ച് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി, രണ്ടു പേരെ സെമസ്റ്ററില്‍ നിന്ന് സസ്‌പെന്റ് ചെയ്തു


മുക്കം: കളന്‍തോട് എം.ഇ.എസ് കോളജിലെ റാഗിങ് സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി. രണ്ടു വിദ്യാര്‍ത്ഥികളെ അഞ്ചാം സെമസ്റ്ററില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കുന്ദമംഗലം പുല്ലാളൂര്‍ സ്വദേശിയും കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി സോഷ്യോളജി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മിഥിലാജിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിങ് ചെയ്ത സംഭവത്തിലാണ് നടപടി. റാഗിങിനെത്തുടര്‍ന്ന് ഗുരുതമായി പരിക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു.

കോളേജ് കൗണ്‍സിലും ആന്റി റാഗിങ് കമ്മറ്റിയും നടത്തിയ അന്വേഷണത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കുകയു 15 വിദ്യാര്‍ത്ഥികളുടെ പേരില്‍ വധശ്രമത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ഏഴുപേര്‍ക്കെതിരെയാണ് കോളേജ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

ജൂലൈ 19നാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മിഥിലാജിനെ മര്‍ദ്ദിക്കുന്നത്. റാഗിങിന്റെ ഭാഗമായുണ്ടായ മര്‍ദ്ദനത്തില്‍ മിഥിലാജിന്റെ മൂക്കിന്റെ പാലത്തിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കാഴ്ച്ചയ്ക്ക് തകരാറും സംഭവിച്ചിട്ടുണ്ട്.