ജീവനെടുത്ത് ‘തക്കാളി’; ആന്ധ്രയിൽ 70 പെട്ടി തക്കാളി വിറ്റ കർഷകനെ കവർച്ചാ സംഘം കൊലപ്പെടുത്തി
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ തക്കാളി കർഷകനെ കൊലപ്പെടുത്തി. അന്നമയ്യ മദനപ്പള്ളി സ്വദേശി നരേം രാജശേഖർ റെഡ്ഡി(62)യെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അജ്ഞാതർ രാജശേഖർ റെഡ്ഡിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതർ കർഷകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
തക്കാളി കർഷകനായ രാജശേഖർ റെഡ്ഡി ഗ്രാമത്തിൽനിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേക്ക് പാലുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരേ ആക്രമണമുണ്ടായത്. കർഷകനെ വഴിയിൽ തടഞ്ഞ അക്രമികൾ മരത്തിൽ കെട്ടിയിടുകയും കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അടുത്തിടെ തക്കാളി വിളപ്പെടുപ്പ് നടത്തിയ രാജശേഖർ റെഡ്ഡിയുടെ പക്കൽ കൂടുതൽ പണമുണ്ടെന്ന് കരുതിയാകാം അക്രമിസംഘം എത്തിയതെന്നാണ് പോലീസിന്റെ സംശയം. കഴിഞ്ഞദിവസം 70 പെട്ടി തക്കാളിയാണ് രാജശേഖർ റെഡ്ഡി മാർക്കറ്റിൽവിറ്റത്.
കൊലപാതകത്തിന് മുമ്പ് ഇതേസംഘം തക്കാളി വാങ്ങാനെന്ന വ്യാജേന രാജശേഖറിന്റെ കൃഷിയിടത്തിൽ എത്തിയിരുന്നു. എന്നാൽ രാജശേഖർ സ്ഥലത്തില്ലെന്നും ഗ്രാമത്തിലേക്ക് പോയിരിക്കുകയാണെന്നും പറഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി ഇവരെ തിരിച്ചയച്ചു.
തക്കാളിവില കുതിച്ചുയർന്ന സമയമായതിനാൽ തക്കാളി കർഷകനായ രാജശേഖർ റെഡ്ഡിയെ കൊള്ളയടിക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: In Andhra, a farmer who sold 70 boxes of tomatoes was killed by a gang of robbers