ഏരൂല്‍ മേഖലയില്‍ മഴക്കാലമായാല്‍ വീട്ടുമുറ്റവും വരാന്തയും ചെളിക്കളമാകുന്ന സ്ഥിതി ഇനിയുണ്ടാകില്ല; ഏഴ് ലക്ഷം രൂപ ചെലവഴിച്ച് പണി പൂര്‍ത്തിയാക്കിയ ഡ്രയ്‌നേജിലൂടെ ഇനി വെള്ളം ഒഴുകിത്തുടങ്ങും


ചേമഞ്ചേരി: ഏരൂല്‍ അങ്കണവാടി ഡ്രെയിനേജ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2022-2023 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ഡ്രെയിനേജ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

ഇതോടെ ഏരൂര്‍ മേഖലയിലെ വീടുകളില്‍ മഴക്കാലത്ത് വെള്ളം കയറുന്ന പ്രശ്‌നത്തിന് പരിഹാരമാകും. മറ്റുഭാഗങ്ങളില്‍ നിന്നും മഴവെള്ളം വലിയ തോതില്‍ ഒഴുകിയെത്തുന്ന പ്രദേശമാണിത്. ഇവിടെ നിന്നും ബീച്ചിലേക്ക് വെള്ളം ഒഴുകിപ്പോകുകയാണ് ചെയ്തിരുന്നത്. വലിയ തോതില്‍ വെള്ളമെത്തുന്നതിനാല്‍ വീടുകളുടെ മുറ്റത്തും വരാന്തയിലുമടക്കം വെള്ളം കയറുന്ന സ്ഥിതിയുണ്ടായിരുന്നു. ഡ്രയ്‌നേജ് വന്നതോടുകൂടി ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് വാര്‍ഡ് മെമ്പര്‍ വത്സല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ വത്സല പുല്ല്യേത്ത് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം കെ.അഭിനീഷ്, കാപ്പാട് ഡിവിഷന്‍ സമിതി കോഡിനേറ്ററും ഗ്രാമപഞ്ചായത്തംഗവുമായ വി.മുഹമ്മദ് ഷരീഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം എം.പി മൊയ്തീന്‍കോയ സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ എന്‍.വി.ബീന നന്ദിയും പറഞ്ഞു. സമയ ബന്ധിതമായി പണി പൂര്‍ത്തീകരിച്ച കരാറുകാരന്‍ സുമേഷ് പഴങ്കാവിലിന് പി.ബാബുരാജ് മൊമെന്റോ നല്‍കി.