ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ക്ക് മരണമില്ല, മരിച്ചത് മരണമാണ്; സോമന്‍ ചാലില്‍ എഴുതുന്നു



സോമന്‍ ചാലില്‍

‘ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്ററുടെ കൂടെ പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞതല്ലേ, മാഷുടെ കഥകള്‍ ചേര്‍ത്ത് ഒരു അനുസ്മരണ കുറിപ്പ് എഴുതൂ ‘. കൊല്ലം യുപി സ്‌കൂളിലെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ എന്നോട് പറഞ്ഞു.
തീര്‍ച്ചയായും അതാകട്ടെ ഞാന്‍ മാസ്റ്റര്‍ക്ക് നല്‍കുന്ന തിലോദകം…..!

പ്രസിദ്ധ ആംഗലേയ കവി കീറ്റ്‌സ് മരിച്ചപ്പോള്‍, സമശീര്‍ഷനും സുഹൃത്തുമായ ഷെല്ലി പറഞ്ഞു പോലും, കീറ്റ്‌സ് മരിച്ചിട്ടില്ല. കീറ്റ്‌സിന് മരണമില്ല. മരിച്ചത് മരണമാണ്. കാര്‍മേഘം മഴയായ് പെയ്താല്‍ കാര്‍മേഘം മരിച്ചു എന്ന് പറയുമോ..?
അതുതന്നെ പറയാം…

ഗോപാലന്‍ മാസ്റ്ററെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മനസ്സില്‍ നിന്നും പെട്ടെന്ന് ഇറങ്ങി പോകില്ല. നമ്മുടെ മനസ്സില്‍ ജീവിക്കും ചിരിയായ്, ചിന്തയായ്, കഥയായ്, സന്തോഷമായ്…….

ഒരുപാട് വേദനകള്‍ ഉള്ളപ്പോഴും കുട്ടികളുടെ മുമ്പില്‍ അക്ഷരപ്പൂവായ് വിടര്‍ന്നു, പരിലസിച്ചു ആ അധ്യാപകന്‍.

ഗോപാലന്‍ മാസ്റ്റര്‍ കഥയുടെ രാജകുമാരന്‍ ആയിരുന്നു. സ്‌കൂള്‍ വിട്ടാല്‍ ഞങ്ങള്‍ നാലഞ്ചു പേര്‍ പാറപ്പള്ളി കടപ്പുറത്ത് അരമണിക്കൂര്‍ ഇരിക്കാന്‍ പോകും. ആ ഇരിപ്പ് പല ദിവസങ്ങളിലും മുന്നും നാലും മണിക്കൂര്‍ നീണ്ടുപോകും. കാരണം കഥയുടേയും നര്‍മ്മത്തിന്റെയും ആ നദീപ്രവാഹം അത്രമേല്‍ ആകര്‍ഷകമായിരുന്നു.
ചിലപ്പോള്‍ കഥയുടെ ഇടയിലാണ് മൂപ്പര്‍ക്ക് ഓര്‍മ്മ വരിക ‘ ഇന്ന് റോളിംഗ് വേണ്ട ദിവസമാണ്’. 500 രൂപയെങ്കിലും വേണം. അവിടെ എന്തുണ്ട്..? ‘ ഇതൊരു പതിവ് ചോദ്യമാണ്.

ഒരിക്കല്‍ മാസ്റ്ററുടെ ശിഷ്യന്‍ കൂടിയായ തുന്നോത്ത് ശിവന്‍ ഞങ്ങളുടെ ഗ്രൂപ്പിനെ കണ്ടപ്പോള്‍ പറഞ്ഞു ‘നിങ്ങള്‍ സ്‌കൂളില്‍ ഒരു ‘റോളിംഗ് ട്രോഫി’ ഏര്‍പ്പെടുത്തണം. അത് ഗോപാലന്‍ മാസ്റ്റര്‍ക്ക് കൊടുക്കണം.
ചിലപ്പോള്‍ ചിലര്‍ മാസ്റ്ററെ കാണുമ്പോള്‍ ഇന്ന് റോളിംഗ് ഇല്ലേ എന്ന് ചോദിക്കുന്നത് കേള്‍ക്കാറുണ്ട്.

പഠനവും പാഠനവും ഒക്കെ ആവര്‍ത്തന വിരസമായ കാലമായിരുന്നു 1970-80 കാലങ്ങള്‍. എന്നാലും കഥകളിലൂടെ, തമാശകളിലൂടെ കുട്ടികളെ തന്നിലേക്ക് അടുപ്പിക്കാനും, കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കാനും ഗോപാലന്‍ മാസ്റ്റര്‍ക്ക് അസാധാരണമായ കഴിവ് ഉണ്ടായിരുന്നു. അക്കാലത്ത് 1000 കുട്ടികള്‍ വരെ സ്‌കൂളില്‍ ഉണ്ടായിരുന്നു.

സ്‌കൂളിലേയും നാട്ടിലേയും പ്രധാന പ്രാസംഗികന്‍ മാസ്റ്ററായിരുന്നു. സ്വാതന്ത്ര്യ ദിനം, സേവന വാരം, വിനോദയാത്രകള്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്, കലാമേളകള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, എല്ലായിടത്തും ഗോപാലന്‍ മാസ്റ്ററുടെ കൈയ്യൊപ്പ് പതിഞ്ഞിരിക്കും. പ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായി സ്‌കൂളിന് സമ്മാനം ലഭിച്ചത് ഓര്‍ക്കുന്നു.

പ്രസംഗം കലയാക്കിയ കാലത്ത് ഒരിക്കല്‍ സ്‌കൂളില്‍ വേദിയില്‍ ആദ്യമായി ഞാനും മാസ്റ്ററോടൊപ്പം വേദി പങ്കിട്ടു സംസാരിച്ചു. ഞാന്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അഭിനന്ദന പൂര്‍വമോ എന്തോ ‘പള്ളയ്ക്കടിക്കല്ലേ കുഞ്ഞിച്ചന്തൂ ‘… എന്നൊരു വടക്കന്‍ പാട്ടിന്റെ ഈരടി എന്റെ കാതില്‍ മന്ത്രിച്ചു.

നീണ്ട പ്രഭാഷണം നടത്തുന്നവരെ കളിയാക്കാനുള്ള ‘തൂക്കുമരത്തിന്റെ കീഴില്‍ നില്‍ക്കുന്ന പ്രസംഗികന്റെ കഥ’ മൂപ്പരുടെ സൃഷ്ടിയാണ്.

അക്കാലത്ത് മുറി ഇംഗ്ലീഷ് പറയുന്ന നാടന്‍ സായിപ്പ്മാര്‍ക്ക് നേരേയും, നാടന്‍ മദാമ്മമാര്‍ക്ക് നേരേയും മൂര്‍ച്ചയുള്ള അമ്പെയ്യാന്‍ ഓട്ടോറിക്ഷക്കാരനും പരിഷ്‌ക്കാരിയുമായുള്ള സംഭാഷണം കഥയാക്കി….!

മരിച്ചവര്‍ക്ക് ബലിയിടുന്ന ആചാരത്തെ കളിയാക്കിക്കൊണ്ട് അയല്‍ വീട്ടിലെ പാത്തുമ്മ തന്റെ പ്രിയപ്പെട്ട അയല്‍വീട്ടുകാരനായ കണ്ണന്റെ ശ്രാദ്ധ ദിനത്തില്‍ കാക്കയായി വരാനിടയുള്ള കണ്ണനെ കാണാന്‍ വന്നതും അയാള്‍ക്ക് പ്രിയപ്പെട്ട അപ്പം കൊണ്ടുവന്നതും, കണ്ണന്‍കാക്ക ഒളികണ്ണിട്ടു പാത്തുമ്മയെ നോക്കിയതായി പാത്തുമ്മയ്ക്ക് അനുഭവപ്പെട്ടതും മറ്റ് കാക്കകള്‍ അത് ചിന്തിക്കളപ്പോള്‍ കണ്ണനോട് ബാല്യത്തിലെന്ന പോലെ പരിഭവിച്ചതും കേട്ടാല്‍ നമ്മള്‍ ദിവസങ്ങളോളം ചിരിക്കും.

ഒരു സ്‌കൂളിന്റെ മാത്രമല്ല ഒരു പ്രദേശത്തിന്റെ തന്നെ സാമൂഹ്യവും സാംസ്‌കാരികവുമായ പുരോഗതിക്കായ് നിസ്വാര്‍ത്ഥമായ് അദ്ദേഹം പണി ചെയ്തു. നാടിന്റെ അഞ്ജതയാകുന്ന തിമിരരോഗത്തിന് തന്റെ അറിവിന്റെ ലേപനം കൊണ്ടും, തന്റെ കഴിവിന്റെ തൈലധാര കൊണ്ടും ചികിത്സിക്കാന്‍ അദ്ദേഹം ശ്രമിച്ചു.

പ്രണയ സൗഹൃദങ്ങളുടെ ഒരു ഏദന്‍ തോട്ടം സ്വന്തമാക്കിയ ദമ്പതിമാരായിരുന്നു ഗോപാലന്‍ മാസ്റ്ററും ലീലേച്ചീയും. നിത്യ സുരഭിലമായ അവരുടെ ഭൂലോക വാടിയിലെ ഉദ്യാന പാലകനായി അദ്ദേഹം സന്തോഷത്തോടെ ജീവിച്ചു.

വലിയ വിളക്ക്, കളിയാട്ടം എന്നു വേണ്ട വീട്ടില്‍ വരുന്നവരെ അതിഥി ആയല്ല ദേവനായി അവര്‍ കണ്ടു. ഉത്സവ നാളുകളില്‍ അതിഥികള്‍ക്കായ് വീട്ടില്‍ ഊട്ടുപുരകള്‍ ഉയര്‍ന്നു. ഇനി വെയില്‍സ് രാജകുമാരന്റെ കഥ പറഞ്ഞു തരാനും, ഡക്കാന്‍ മസ്ലിന്‍ നേരിയ പുടവയുടുത്ത് രാജസദസ്സില്‍ വന്ന രാജകുമാരിയുടെ വര്‍ണ്ണന തരാനും, കലിയന്‍ ചംക്രാന്തിയെ പരിചയപ്പെടുത്തി തരാനും, കൊല്ലത്തെ കോമരം വടക്കന്‍ പാട്ടുകള്‍ പാടി ബോംബെയിലെ മികച്ച മന്തവാദിയായ കഥ പറയാനും, ജെയിംസ് വാട്ടിനെക്കാള്‍ ബുദ്ധിയുള്ള കൊല്ലത്തങ്ങാടിയിലെ പുട്ട് ചുടുന്ന കണാരേട്ടന്റെ കഥ വിവരിക്കാനും നമുക്ക് ഗോപാലന്‍ മാസ്റ്റര്‍ ഇല്ല.

കേവല സാന്നിദ്ധ്യം കൊണ്ട് പോലും ഒരു പ്രദേശമാകെ ചിരിയുടെ മുല്ലപ്പൂ വിരിയിക്കാന്‍ ഇങ്ങനെയുള്ളവര്‍ക്കേ കഴിയൂ. പുറം മോടിയിലൂടെ പകരുന്ന പരിമളത്തെക്കാള്‍ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടേയും നല്‍കുന്ന സ്‌നേഹത്തിന് തീവ്രത കൂടും.

മറ്റേതോ ലോകത്തെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും പോയ അദ്ദേഹത്തെ നമുക്ക് നന്ദിയോടെ ആദരവോടെ, അത്യന്തം സ്‌നേഹത്തോടെ സ്മരിക്കാം.