ധീരജവാൻ ശ്രീജിത്തിന്റെ ഓർമ്മകൾക്ക് ബിഗ് സല്യൂട്ട്; ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ശ്രീജിത്തിന്റെ ചരമ വാർഷിക ദിനത്തിൽ ആദരിച്ച് കാലിക്കറ്റ് സൈനിക കൂട്ടായ്മ, ഒപ്പം വിവിധ ക്ലാസുകളും
കൊയിലാണ്ടി: പൂക്കാട് സ്വദേശിയായ ധീരജവാൻ ശ്രീജിത്തിന്റെ (സേനാ മെഡൽ, ശൗര്യ ചക്ര) രണ്ടാം ചരമവാർഷിക ദിനം ആചരിച്ച് കാലിക്കറ്റ് സൈനിക കൂട്ടായ്മ (സി.എസ്.കെ). ശ്രീജിത്തിന്റെ ചരമവാർഷികദിനമായ ചൊവ്വാഴ്ച കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഈ വർഷത്തെ സൈനിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
മുൻ ദേശീയ വോളിബോൾ താരവും സായ് കോച്ചുമായ പ്രേമൻ കരുമല ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ക്യാപ്റ്റൻ നന്ദനൻ കരുമല അധ്യക്ഷനായി. സൈനിക കൂട്ടായ്മ സെക്രട്ടറി നിതിൻ കുന്ദമംഗലം സ്വാഗതം പറഞ്ഞു.
ജില്ലയിലെ എസ്.എസ്.എൽ.സി, സി.ബി.എസ്.സി ഹയർ സെക്കന്ററി പരീഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സേവ് വോളി സെന്റർ തേനാക്കുഴിയിലെ കുട്ടികൾക്ക് ചടങ്ങിൽ വച്ച് സൗജന്യ സ്പോർട്സ് കിറ്റ് വിതരണവും നടത്തി. രാമചന്ദ്രൻ കരുമല നന്ദി പറഞ്ഞു.
ചടങ്ങിൽ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്, ലഹരി വിമുക്ത ക്ലാസ്, സായുധ സേനകളിൽ എങ്ങനെ ചേരാം എന്നീ വിഷയങ്ങളെ സംബന്ധിച്ച് മുൻ എസ്.ഐ സാബു കീഴരിയൂർ, മുൻ ലെഫ്റ്റനന്റ് കമാന്റർ അശ്വന്ത് കോഴിക്കോട്, സഖറിയ എം.വി, സിജി എന്നിവർ ക്ലാസുകൾ നയിച്ചു.