തളിപ്പറമ്പ് നാടുകാണിയില്‍ 300 ഏക്കറില്‍ പുതിയ മൃഗശാല; ഒരുങ്ങുന്നത് മലബാറിലെ ആദ്യത്തെ മൃഗശാല
തളിപ്പറമ്പ്: മലബാറിലെ ആദ്യത്തെ മൃഗശാലയ്ക്കായി ഒരുങ്ങി തളിപ്പറമ്പ് നാടുകാണി. പ്ലാന്റേഷന് കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേറ്റിലാണ് പുതിയ മൃഗശാല ആരംഭിക്കുന്നത്. എം.ഗോവിന്ദന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടര്‍ അബു ശിവദാസ് ഉള്‍പ്പെടെയുള്ള ഉന്നത സംഘം ജൂണ്‍ 12ന് നാടുകാണി എസ്റ്റേറ്റ് സന്ദര്‍ശിച്ചിരുന്നു.
നാടുകാണിയില്‍ 300 ഏക്കറിലധികം സ്ഥലത്താണ് എസ്റ്റേറ്റുള്ളത്. നിലവില്‍ കശുമാവ്, കറപ്പ തുടങ്ങിയവയുടെ കൃഷിയുണ്ട് ഇവിടെ. മൃഗശാലയ്ക്ക് 300 ഏക്കറിലധികം ഭൂമി വേണമെങ്കില്‍ പരിസര പ്രദേശങ്ങളിലെ മിച്ചഭൂമി ഏറ്റെടുക്കും. തുറസായ സ്ഥലത്ത് മൃഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രത്യേക വാഹനങ്ങളില്‍ മൃഗശാലക്കുള്ളില്‍ സഞ്ചരിക്കാന്‍ കഴിയും.
എസ്റ്റേറ്റില്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപ്പിടപ്പിച്ച് പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് പുതിയ മൃഗശാല ഒരുങ്ങുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേത്. മൂന്ന് വര്‍ഷം കൊണ്ട് മൃഗശാല പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൃഗശാലയ്ക്ക് പുറമെ ബോട്ടാണിക്കല്‍ ഗാര്‍ഡനും മ്യൂസിയവും കൂടെ ഇവിടെ ഒരുക്കുന്നുണ്ട്.
പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാത്ത, വെള്ളപ്പൊക്കമുണ്ടാകാത്ത, ചതുപ്പ് നിലമല്ലാത്തതുമായ സ്ഥലങ്ങളാണ് മൃഗശാലകള്‍ക്കായി തിരഞ്ഞെടുക്കുന്നത്. നാടുകാണി അത്തരത്തിലുള്ള പ്രശ്നങ്ങളില്ലാത്ത മൃഗശാലയ്ക്ക് യോജിച്ച സ്ഥലമാണെന്നാണ് കണ്ടെത്തല്‍.