പക്രംതളം ചുരത്തില്‍ തടികയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്
തൊട്ടില്‍പ്പാലം: പക്രംതളം ചുരംറോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. പൂതമ്പാറയ്ക്കും ചാത്തങ്കോട്ടുനടയ്ക്കുമിടയില്‍ മുളവട്ടത്താണ് മരത്തടികള്‍ കയറ്റിവന്ന ലോറി മറിഞ്ഞത്. വയനാട്ടില്‍നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വരുകയായിരുന്നു ലോറി. ഡ്രൈവര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. മുളവട്ടമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമായ ലോറി ഇടതുവശത്തെ കയ്യാലയില്‍ ഇടിച്ച് വലതുവശത്തേക്ക് മറിയുകയായിരുന്നു. ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും ചുരം ഹെല്‍പ്പ് കേര് വാട്ട്സാപ്പ് കൂട്ടായ്മ പ്രവര്‍ത്തകരും ചേര്‍ന്ന് റോഡിലെ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കര്‍ണാടക രജിസ്ട്രേഷന് ലോറിയാണ് മറിഞ്ഞത്. സംഭവ സമയത്ത് മറ്റ് വാഹനങ്ങള്‍ റോഡിലില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ചുരം റോഡില്‍ മേലെ പൂതമ്പാറമുതല് ചാത്തങ്കോട്ടുനടവരെയുള്ള ഏതാണ്ട് രണ്ടുകിലോമീറ്റര്‍ റോഡ് കുത്തനെയുള്ള ഇറക്കമാണ്. ഇതിനിടയിലെ മുളവട്ടം ഭാഗം സ്ഥിരം അപകടമേഖലയാണ്. അപകടസാധ്യതയുള്ള സ്ഥലമായിട്ടും ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളൊന്നുമില്ല. ദൂരെനിന്നടക്കം ചരക്കുമായി വരുന്ന വാഹനങ്ങളിലെ സ്ഥലപരിചയമില്ലാത്ത ഡ്രൈവര്‍മാരാണ് മിക്കപ്പോഴും അപകടത്തില്‍പ്പെടുന്നത്. ഇവിടെ വിവിധ ഭാഷകളിലുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് അപകടസാധ്യത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു.