നടുവണ്ണൂരും കാത്തിരിക്കുന്നു, ഒരു പൂക്കാലത്തിനായി; ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിശേഷങ്ങളുമായി ജൈവകർഷകൻ സിദ്ദീഖ്


നടുവണ്ണൂര്‍: വരുന്ന ഓണത്തിന് പൂക്കളം ഒരുക്കാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തം നാട്ടില്‍ വിളയിച്ചെടുത്ത ചെണ്ടുമല്ലിക്കായി കാത്തിരിക്കുകയാണ് നടുവണ്ണൂര്‍ക്കാര്‍. നടുവത്തൂര്‍ തെക്കയില്‍ താഴ പാടശേഖരത്ത് ജൈവ കര്‍ഷകനും ഗ്രാമ പഞ്ചായത്ത് കൃഷി വര്‍ക്കിങ് ഗ്രൂപ്പംഗവുമായ വി.കെ സിദ്ദീഖാണ് തന്റെ രണ്ടേക്കറില്‍ ചെണ്ടുമല്ലിപ്പൂ കൃഷി ചെയ്യുന്നത്.

കൃഷിയേയും സസ്യങ്ങളേയും ഒരു പോലെ സ്‌നേഹിക്കുന്ന സിദ്ദീഖ് ഇപ്പോള്‍ വൃക്ഷായുര്‍വേദം പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹരിദ്വാറില്‍ നിന്നാണ് അദ്ദേഹം പഠനം നടത്തിയത്. തന്റെ തോട്ടത്തിലെ വൃക്ഷങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് സ്വയം തന്നെ ചികിത്സ നല്‍കാറുണ്ടെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പ്രതികരിച്ചു.

നേരത്തെ പത്ത് ഏക്കര്‍ സ്ഥലത്ത് ചെറുപയര്‍ കൃഷി നടത്തിയിരുന്നു. 18 ഏക്കര്‍ സ്ഥലത്ത് ബസുമതി കൃഷി ചെയ്ത് 2010ല്‍ സംസ്ഥാനത്തെ മികച്ച കര്‍ഷകനായി സിദ്ദീഖിനെ തിരഞ്ഞെടുത്തിരുന്നു. 18 ഏക്കര്‍ സ്ഥലത്ത് ബസുമതി നെല്‍ കൃഷി ചെയ്തായിരുന്നു അന്ന് മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ് നേടിയത്. സവോള കൃഷി കോഴിക്കോട് ജില്ലയില്‍ ആദ്യമായിട്ട് കൃഷി ചെയ്തത് ഇദ്ദേഹമായിരുന്നു.

ജൈവ കൃഷി സംബന്ധിച്ച് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും ഇദ്ദേഹം സംഘടിപ്പിക്കാറുണ്ട്. നടുവണ്ണൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ഞങ്ങളും കൃഷിയിലേക്ക് കാര്‍ഷിക സമിതിയുടെ മാസ്റ്റര്‍ കര്‍ഷകനായി പ്രവര്‍ത്തിച്ച് വരികയാണ് ഇദ്ദേഹം. സ്പര്‍ശം കാര്‍ഷിക സംഘം പ്രസിഡന്റ്, കര്‍ഷക സംഘടന ഭാരവാഹി എന്നീ പദവികളിലും സിദ്ദീഖ് തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.