പ്രതിഷേധം, സംഘര്‍ഷം, ഹര്‍ത്താല്‍; പേരാമ്പ്രയിലെ വിക്ടറി സമരം എന്ത്, എന്തിന്?, വിശദമായി പരിശോധിക്കാം


പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തൊഴിലാളികള്‍ സമരത്തിലാണ്. സ്ഥാപനത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് തൊഴിലാളികളെ പുറത്താക്കിയതാണ് സമരത്തിന്റെ തുടക്കം. സ്ഥാപനത്തിനെതിരെയുള്ള സമരവും സംഘര്‍ഷവും അതിനെ തുടര്‍ന്നുള്ള ഹര്‍ത്താലിനുമെല്ലാമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്ര സാക്ഷ്യം വഹിച്ചത്.

മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിപപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സമരത്തിലുള്ള തൊഴിലാളികള്‍ പറയുന്നത്. ജോലിയിലെ മാറ്റം ഉള്‍ക്കൊള്ളാതെ തന്നിഷ്ടത്തിന് സമരത്തിലേക്ക് കടന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് സ്ഥാപന മാനേജ്‌മെന്റിന്റെ വാദം. വിക്ടറിയിലെ പ്രശ്‌നങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും എന്താണെന്ന് വിശദമായി നോക്കാം.

മെയ് മാസം 25 ഓടെയാണ് വിക്ടറി ടൈല്‍സ് ആന്‍ഡ് സാനിറ്ററീസ് സ്ഥാപനത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും തൊഴില്‍ അനീതിക്ക് നേരെ പ്രതികരിച്ചവരെ പിരിച്ച് വിടുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഏഴ് പേരെ സസ്‌പെന്റ് ചെയ്തതെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.

13 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്ന ജിഷാദ് എന്ന തൊഴിലാളിയെ സി.ഐ.ടി.യു മെമ്പര്‍ഷിപ്പ് എടുത്തതിന്റെ ഏതാനും ദിവസങ്ങള്‍ക്കകം അനാവശ്യമായ ചില കാരണങ്ങള്‍ നിരത്തി പിരിച്ചു വിടാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയാിരുന്നു. ഡ്രൈവറായി ജോലി ചെയ്തിരുന്ന ജിഷാദിനോട് ഫീല്‍ഡ് വര്‍ക്കിന് പോകാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. നിര്‍ദേശമനുസരിച്ച് ജിഷാദ് പോവുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി പിന്നീട് പോകുന്നതിലെ അസൗകര്യം മാനേജ്‌മെന്റിനോട് പങ്കുവെച്ചു. ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത മാനേജ്‌മെന്റ് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇറങ്ങിക്കോളു എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരായ മറ്റ് ആറു പേരെയും മാനേജ്‌മെന്റ് തീരുമാനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ പിരിച്ചു വിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ ജിഷാദിനൊപ്പം മറ്റ് ആറ് പേര്‍ സ്ഥാപനത്തിന് പുറത്ത് പോവുകയും വാട്‌സ്ആപ്പിലൂടെ സമരം പ്രഖ്യാപിക്കുകയുമായിരുന്നുവെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

സ്ഥാപനത്തില്‍ പതിനാലും പതിനാറും വര്‍ഷത്തോളക്കാലം ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്കുപോലും യാതൊരു വിധ ആനുകൂല്യങ്ങളും സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ യൂണിയനുകള്‍ ഇടപെട്ട് ലേബര്‍ വകുപ്പിന് പരാതി നല്‍കുകയും ലേബര്‍ വകുപ്പ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് അറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാനേജ്‌മെന്റ് പ്രതികാര നടപടി എന്ന രീതിയില്‍ ജീവനക്കാരെ പിരിച്ചു വിട്ടത്. സ്ഥാനത്തില്‍ ഒരു ട്രേഡ് യൂണിയനുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല, പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കില്ല എന്ന കര്‍ശന നിലപാടില്‍ തുടരുകയാണ് മാനേജ്‌മെന്റ് ചെയ്തതെന്നും അവര്‍ പറയുന്നു.

സംഭവം നടക്കുന്ന അന്ന് തന്നെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമന്നാവശ്യവുമായി സംഘടനാ പ്രതിനിധകള്‍ സ്ഥാപനത്തില്‍ എത്തിയിരുന്നു. എന്നാല്‍ യൂണിയന്‍ ഭാരവാഹികളോട് സംസാരിക്കുവാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് പിറ്റേ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തുന്നു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് തിരിച്ചെടുക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ തീരുമാനമാകാതെ ചര്‍ച്ച പരാജയപ്പെട്ടു. അതിന് ശേഷം പേരാമ്പ്ര സി.ഐയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടന്നെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ താത്ക്കാലികമായി സ്ഥാപനം അടച്ചിടുവാനും തീരുമാനിച്ചു.

തുടര്‍ന്ന് തൊഴിലാളികള്‍ സമരത്തിനിറങ്ങുകയും സ്ഥപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവധിക്കാതിരിക്കുകയുമായിരുന്നു. തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സ്ഥാപനം ഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ച് മാനേജ്‌മെന്റ് ജൂണ്‍ ഒന്നിന് വീണ്ടും തുറന്നു. അതോടെ പ്രതിഷേധവുമായി ഇവിടെ എത്തിയ സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് വൈകുന്നേരം സിഐടിയു ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി വിക്ടറിക്ക് മുന്നിലെത്തിതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇതിനിടയില്‍ വിക്ടറിക്കുള്ളിലേക്ക് കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ നശിപ്പിക്കുകയും ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധം തടയാനെത്തിയ പൊലീസുമായുള്ള ഉന്തും തള്ളിനുമിടയില്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പക്ടര്‍ കെ അനില്‍ കുമാറിനും സമരക്കാരുടെ കയ്യേറ്റത്തില്‍ വിക്ടറിയിലെ ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ജൂണ്‍ 2ന് വ്യാപാരികള്‍ പേരാമ്പ്രയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങളെല്ലാം അടച്ചിട്ട് വ്യാപാരികള്‍ ഹര്‍ത്താലില്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വൈകീട്ട് പേരാമ്പ്ര നഗരത്തില്‍ പ്രകടനവും വിശദീകരണ യോഗവും ചേര്‍ന്നു.

തൊഴില്‍ സമരത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നിന് കട തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമര സമിതി പ്രവര്‍ത്തകരുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. ഞായര്‍ അവധി കഴിഞ്ഞ് തിങ്കളാഴ്ച്ച വീണ്ടും യോഗം ചേരാനും തീരുമാനമായി. സസ്പെന്‍ഷനിലുള്ള ഒരു തൊഴിലാളിയെ ഒഴികെ മറ്റ് ആറുപേരെ തിങ്കളാഴ്ച്ചത്തെ യോഗത്തോടെ തിരിച്ചെടുക്കുമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.

തിങ്കളാഴ്ചത്തെ യോഗത്തില്‍ പിരിച്ചുവിട്ട തൊഴിലാളികളെ മുഴുവന്‍ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ സ്ഥാപനത്തിനു മുന്നില്‍ വീണ്ടും സമരം ആരംഭിക്കുമെന്നാണ് സി.ഐ.ടി.യു, ബി.എം.എസ് എന്നീ സംഘടനകള്‍ പറയുന്നത്. ഇത് സ്ഥാപനം പൂട്ടിക്കാനുളള സമരമല്ലെന്നും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായുളള സമരമാണെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നു.