പുഴ പറയുന്നു, ‘ഇനി ഞാൻ ഒഴുകട്ടെ’; കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നെല്ല്യാടി പുഴ ശുചീകരിച്ചു


കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ നെല്ല്യാടി പുഴ ശുചീകരിച്ചു. നവകേരള മിഷന്റെ ഭാഗമായുള്ള ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പെയിനിന്റെ ഭാഗമായാണ് പുഴ ശുചീകരിച്ചത്. നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ വസ്തുക്കളുമാണ് ശുചീകരിച്ചപ്പോൾ പുഴയിൽ നിന്ന് ലഭിച്ചത്.

നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ.ബാബു, വാർഡ് കൗൺസിലർ വലിയാട്ടിൽ രമേശൻ, വാർഡ് വികസന സമിതി കൺവീനർ പി.സിജീഷ് എന്നിവർ പ്രസംഗിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി.സുരേഷ്, കെ.റിഷാദ്, പി.വിജിന, എൽ.ലിജോയ്, ജമീഷ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

പുഴ ശുചീകരണത്തിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലാസ്റ്റിക് കവറുകളും ഉൾപ്പെടെയുള്ള അജൈവ പാഴ് വസ്തുക്കൾ നഗരസഭാ എം.സി.എഫിലേക്ക് മാറ്റി. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭയിലെ 44 വാർഡുകളിലും വിവിധതരത്തിലുള്ള ശുചീകരണ പ്രവർത്തികൾ നടന്നുവരികയാണ്.

16 കുളങ്ങൾ, 27,576 മീറ്റർ ഡ്രെയിനേജ്, 13,811 മീറ്റർ തോട് എന്നിവയിലെ മണ്ണും മാലിന്യങ്ങളും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പെടുത്തി നീക്കം ചെയ്ത് ഒഴുക്ക് സുഖമാക്കിയിട്ടുണ്ട്. നീക്കം ചെയ്ത അജൈവ പാഴ് വസ്തുക്കൾ ഹരിത കർമ്മസേന ശേഖരിച്ച് എം.സി.എഫിലേക്ക് മാറ്റി. നഗരത്തിലെ വലിയ ഡ്രൈനേജുകളിൽ നിന്നും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് സുഖമാക്കുന്നതിന് പത്തുലക്ഷം രൂപ വകയിരുത്തി പണി പുരോഗമിച്ച് വരികയാണെന്ന് നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് പറഞ്ഞു.