കൊലപാതകത്തിനിടയാക്കിയത് വാക് തർക്കത്തെ തുടർന്നുള്ള ക്രൂര മർദ്ദനം; കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ


കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ അ‌ഞ്ചു പേർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെയാണ് കൊമ്മേരി സ്വദേശി കിരൺകുമാറിനെ വീടിന് സമീപത്തെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം മർദനമേറ്റതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

കേസിൽ അഞ്ച് പേർ അറസ്റ്റിലായി. എരവത്ത് കുന്ന് ആമാട്ട് വീട്ടിൽ പി സതീഷ്, ആമാട്ട് വീട്ടിൽ എ ജിനീഷ്, ആമാട്ട് വീട്ടിൽ ഉമേഷ് കുമാർ, കൊമേരി മണ്ണുങ്ങൽ വീട്ടിൽ മനോജ് കുമാർ, ആമാട്ട് മീത്തൽ വീട്ടിൽ പി സൂരജ് എന്നിവരാണ് അറസ്റ്റിലായത്.

വഴിയാത്രക്കാരാണ് യുവാവിനെ വീടിനടുത്തുള്ള കോൺക്രീറ്റ് ഇടവഴിയിൽ മരിച്ചനിലയിൽ കാണുന്നത്. മൃതദേഹത്തിൽ പലഭാഗത്തായി അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അടിച്ച പരുക്കുകളാണുള്ളത്. എല്ലുകൾ പൊട്ടിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കിരണിന്‍റെ അയൽവാസി സതീഷിലേക്ക് അന്വേഷണമെത്തിയതോടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി.

ശനിയാഴ്ച രാത്രി മദ്യപിച്ച ശേഷം കിരണിന്റെ വീടിന് സമീപത്തെത്തിയ സതീഷ്, കിരണുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. സൃഹൃത്തുക്കളായ മനോജ്, സൂരജ്, ഉമേഷ് എന്നിവരെയും പിന്നീട് സതീഷ് വിളിച്ചുവരുത്തി കിരണിനെ മർദ്ദിക്കുകയായിരുന്നു. അഞ്ചാം പ്രതി ജിനേഷ് ആണ് കൊലപാതകത്തിന് വേണ്ട സഹായങ്ങൾ ചെയ്തത്.

കിരണിന്റെ വാരിയെല്ലുകളും തുടയെല്ലും തകർന്ന നിലയിലായിരുന്നു. തുടയെല്ലിനും വാരിയെല്ലിനുമേറ്റ ഗുരുതര പരിക്കുകയാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം നിഗമനം.