നാല് കിലോ തിമിംഗല ഛര്‍ദ്ദിലുമായി കൊടുവള്ളി സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: തിമിംഗല ഛര്‍ദ്ദിലുമായി കൊടുവള്ളി സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്, ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍ എന്നിവരെയാണ് കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് പരിസരത്ത് നിന്ന് വനപാലകര്‍ പിടികൂടിയത്. നാല് കിലോ തിമിംഗല ഛര്‍ദ്ദിലാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഇവര്‍ തിമിംഗല ഛര്‍ദ്ദില്‍ എത്തിച്ചതെന്നാണ് സൂചന. സ്പേം വെയില് വിഭാഗത്തില്‍പ്പെടുന്ന തിമിംഗലങ്ങള്‍ പുറം തള്ളുന്ന ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗ ഛര്‍ദ്ദിലിന് വിപണിയില്‍ കോടിക്കണക്കിനു രൂപ വിലയുണ്ട്.