ലിഫ്റ്റിനുവേണ്ടി പ്ലാറ്റ്‌ഫോമില്‍ മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴി, ഇവിടെ വെളിച്ചവുമില്ല, സുരക്ഷാ ബോര്‍ഡുമില്ല; യാത്രക്കാര്‍ക്ക് ഭീഷണിയായി കൊയിലാണ്ടി റെയില്‍വേസ്‌റ്റേഷനിലെ കുഴി
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ പുതുതായി പണികഴിപ്പിക്കുന്ന ലിഫ്റ്റിന്റെ പണി യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. സുരക്ഷാ മുന്‍കരുതലുകളില്ലാതെ പ്ലാറ്റ്‌ഫോമില്‍ ലിഫ്റ്റിനുവേണ്ടി കുഴിയെടുത്തത് യാത്രക്കാര്‍ ഇതിലേക്ക് വീണ് അപകടങ്ങള്‍ പറ്റാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്.
ഒന്നാം നമ്പര്‍ ഫ്‌ലാറ്റ്‌ഫോമിലാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി മൂന്ന് മീറ്ററോളം ആഴത്തിലുള്ള കുഴിയെടുത്തത്. സുരക്ഷാ ബോര്‍ഡോ ആളുകള്‍ ഇതിലേക്ക് വീഴുന്നത് ഒഴിവാക്കാനുള്ള വേലികളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഒരു കയര്‍ മാത്രമാണ് ഫ്‌ലാറ്റ് ഫോമില്‍ നിന്ന് ഇതിനെ വേര്‍തിരിക്കാന്‍ ഉപയോഗിച്ചത്. അതാകട്ടെ കുഴിയുടെ ഉള്‍വശത്തായാണ് കയര്‍ കെട്ടി വേര്‍തിരിച്ചിരിച്ചിട്ടുള്ളത്.
ഈ ഭാഗത്ത് രാത്രി സമയത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തത് രാത്രി യാത്രക്കാരെ കൂടുതല്‍ ഭീഷണിയിലാക്കുന്നു. അധികൃതരുടെ ഈ അനാസ്ഥ അപകടത്തെ ക്ഷണിച്ചു വരുത്തുകയാണന്നാണ് യാത്രക്കാരുടെ പരാതി. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് കൊയിലാണ്ടി സ്റ്റേഷനില്‍ എത്തി ചേരുന്നത്.