ഈറ്റ് റൈറ്റ് പദ്ധതി: കൊയിലാണ്ടിയിലെ കച്ചവടക്കാർക്ക് എഫ്.എസ്.എസ്.എ.ഐ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കൊയിലാണ്ടി: ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഈറ്റ് റൈറ്റ് പദ്ധതിയിൽ ഉൾപ്പെട്ട കൊയിലാണ്ടി മാർക്കറ്റിലെ പഴം പച്ചക്കറി വ്യാപാരികൾക്കുള്ള എഫ്.എസ്.എസ്.എ.ഐ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. കെ. നിയാസ് അധ്യക്ഷത വഹിച്ചു.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് രാജ്യത്തെ നഗരങ്ങളെ ഏകോപിപ്പിച്ചു ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന പദ്ധതിയാണ് ‘ഈറ്റ് റൈറ്റ്’. ഇതിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടക്കാര്‍ക്ക് ഫുഡ് സേഫ്റ്റിയെ പറ്റി പരിശീലനവും സര്‍ട്ടിഫിക്കറ്റുകളും നൽകുന്നു. കൊയിലാണ്ടിയിലെ 17 കച്ചവടക്കാർക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ജില്ലയിലെ മികച്ച മാർക്കറ്റായി കൊയിലാണ്ടിയെ തിരഞ്ഞെടുത്തിരുന്നുവെന്ന് കെ. കെ. നിയാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വൃത്തിയും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും മാനദണ്ഡമാക്കിയായിരുന്നു പരിശോധനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുഡ് സേഫ്റ്റി കൊയിലാണ്ടി മേഖലാ ഓഫീസർ ഡോ. വിജി വിത്സൻ, നഗരസഭ കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, പി.വി. മനോജ് , കെ. ദിനേശൻ, അമേത്ത് കുഞ്ഞഹമ്മദ്, പ്രമോദ്, പി.പി. ഉസ്മാൻ, അസീസ് ഗ്ലോബൽ എന്നിവർ സംസാരിച്ചു. വി. കെ ഹമീദ് സ്വാഗതവും പി. കെ. മനീഷ് നന്ദിയും പറഞ്ഞു.