കൊട്ടാരക്കരയിലെ യുവ ഡോക്ടറുടെ കൊലപാതകം: 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഐ.എം.എ
കൊല്ലം: കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ വ്യാഴാഴ്ച എട്ടുമണിവരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് ഐ.എം.എ. അറിയിച്ചു.
തുടര്‍ സമരപരിപാടികള്‍ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ വെച്ച് തീരുമാനിക്കും. കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
‘യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് ഐ.എം.എ. കേരളഘടകം എല്ലാ ഡോക്ടര്‍മാരും സമരത്തിലേക്ക്. ഇന്ന് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ സമരത്തിലേക്ക് പോകും. അത്യാഹിത വിഭാഗം, എമര്‍ജന്‍സി കെയര്‍ മാറ്റി നിര്‍ത്തും. കേരളത്തിലെ പൊതു മനസാക്ഷി ഈ കാര്യത്തില്‍ ഉണരേണ്ടതുണ്ട്. നിരന്തരമായ ആക്രമണം ഉണ്ടാകുന്ന ഘട്ടം കേരളത്തില്‍ സ്വീകാര്യമല്ല. സ്വസ്ഥമായി, സ്വതന്ത്രമായി, ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ രോഗികളെ ചികിത്സിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍. കേരളത്തിന്റെ പൊതുമന:സാക്ഷി ഈ വികാരം ഉള്‍ക്കൊണ്ട് സമരത്തെ കാണണം’- ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി പറഞ്ഞു.
സമീപകാലത്തായി സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്ന് അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. കേരളത്തില്‍ അഞ്ചുദിവസത്തില്‍ ഒന്ന് എന്ന തോതിലാണ് ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതെന്ന് ഐ.എം.എ. ഭാരവാഹികള്‍ അന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരു ഡോക്ടറുടെ ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് കോട്ടയം സ്വദേശിനിയും ആശുപത്രിയിലെ ഹൗസ് സര്‍ജനുമായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.
പൂയപ്പള്ളിയിലെ അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റുള്ളവരേയും ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.