ജലാശയ അപകടങ്ങളെ ചെറുക്കാം; കൊല്ലത്ത് സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി
കൊയിലാണ്ടി: ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന് തുടക്കമായി. മെയ് നാല് മുതൽ 11 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഗീത വെഡിങ്സ് സ്പോൺസർ ചെയ്യുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി തഹസിൽദാർ സി.പി മണി നിർവഹിച്ചു.
ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ സ്വാഗതം പറഞ്ഞു. കൊല്ലം ചിറ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഇ എസ് രാജൻ അധ്യക്ഷത വഹിച്ചു. പിഷാരികാവ് ദേവസ്വം ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ, ട്രസ്റ്റി ഇളയിടത്ത് വേണു ഗോപാൽ, നഗരസഭ കൗൺസിലർ ഫക്രുദീൻ മാഷ്, ചിന്നൻ നായർ മധു മിത്തൽ, സുജാത, ജയദേവൻ മേനോൻ എന്നിവർ സംസാരിച്ചു.
എട്ട് വയസിന് മുകളിൽ പ്രായമുള്ള 68 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. രാവിലെ 7.30 മുതൽ 9.30 വരെ കൊല്ലം ചിറയിലാണ് പരിശീലനം. കൊയിലാണ്ടി, പയ്യോളി, കുറുവങ്ങാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നീന്തൽ പരിശീലനത്തിന് മീത്തൽ അജയകുമാറും ഗുഡ് മോർണിംഗ് ഹെൽത്ത് ക്ലബ്ബിന്റെ മെമ്പർമാരായ ബാൽ, അരുൺ, ആതിര, ലാമിയ, അതുൽ എന്നിവർ നേതൃത്വം നൽകി.