”കായിക താരങ്ങളെ ഉഷ അവഗണിച്ചു, പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയുക” കായികതാരങ്ങളുടെ സമരത്തിനെതിരായ പി.ടി.ഉഷയുടെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍
കോഴിക്കോട്: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരായ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷയ്‌ക്കെതിരെ പ്രതിഷേധം ശക്തം. പി.ടി. ഉഷയുടെ പരാമര്‍ശം കായിക താരങ്ങളോട് കാണിക്കുന്ന അവഗണനയാണ് എന്ന് ശശി തരൂര്‍ എം.പി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
‘ലൈംഗികപീഡന പരാതി നല്‍കിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ സമരം ഒരിക്കലും രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലല്ല. അവരുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും, കൃത്യമായ അന്വേഷണം നടത്താത്തതും നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലാകുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ബ്രിജ് ഭൂണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ചെയ്യുന്നത്. സമയം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി ഫെഡറേഷനുമായി ഗുസ്തി പിടിക്കുന്നത് അച്ചടക്ക ലംഘനമാണ് എന്നാണ് പി.ടി.ഉഷ കഴിഞ്ഞദിവസം പറഞ്ഞത്. സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ഇത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും പി.ടി.ഉഷ പറഞ്ഞിരുന്നു. ഉഷയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.