വരള്‍ച്ചയെ നേരിടാന്‍ വീണ്ടെടുക്കാം ജലാശയങ്ങളെ; കൊയിലാണ്ടി നഗരസഭയിലെ കൊന്നക്കല്‍ താഴെ മുതല്‍ കോളോത്ത് താഴെ തോടിനുവേണ്ടി ജനകീയ ശുചീകരണ യജ്ഞം ഏപ്രില്‍ 30ന്
കൊയിലാണ്ടി: നഗരസഭയിലെ മൂന്ന് നാല് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കോന്നക്കല്‍ താഴെ-കോളോത്ത് താഴെ തോട് നാട്ടുകാരുടെ പങ്കാളിത്തത്തോടെ ശുചീകരിക്കുന്നു. ഏപ്രില്‍ 30 ന് ഞായറാഴ്ച കാലത്ത് 6.30 മുതല്‍ 10.30 വരെയാണ് ശുചീകരണം നടക്കുക. നാലു ഭാഗങ്ങളില്‍ കേന്ദീകരിച്ച് ശുചീകരണം പൂര്‍ത്തിയാക്കുവാനാണ് ആലോചിക്കുന്നതെന്ന് തോട് സംരക്ഷണ സമിതി കണ്‍വീനര്‍ സുരേഷ് എടക്കണ്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കാപ്പില്‍ പാടശേഖരത്തില്‍ നിന്നും ആരംഭിച്ച് കോളോത്ത് താഴെ പാടത്തിലൂടെ നെല്ല്യാടി പുഴയില്‍ അവസാനിക്കുന്ന തോടിന് ഏകദേശം ഒരു കിലോമീറ്റര്‍ നീളവും 2.5മീറ്റര്‍ വീതിയുമുണ്ട്. ഇപ്പോള്‍ തോട് വറ്റിവരണ്ട നിലയിലായതുകൊണ്ടുതന്നെ ശുചീകരണം നടത്താന്‍ സൗകര്യമുണ്ട്.
തോടു സംരക്ഷണവുമായി ബന്ധപ്പെട്ട് നേരത്തെ പ്രദേശത്ത് ബോധവത്കരണ സംഗമം സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം തോട്ടിലേക്ക് പ്ലാസ്റ്റിക്കുകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിര്‍ത്തിയിരുന്നു. കൂടാതെ മൂന്ന് കേന്ദ്രങ്ങളില്‍ ഗ്രില്ലുകളും ജനകീയമായി മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. തോടിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തയ്യാറാക്കി അപേക്ഷ മൈനര്‍ ഇറിഗേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പണ്ട് കാലത്ത് കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിച്ചിരുന്ന തോട് ഇന്ന് ഒഴുക്ക് നഷ്ടപ്പെട്ട് ചെളിയും മാലിന്യക്കൂമ്പാരങ്ങളും മണ്ണും നിറഞ്ഞ അവസ്ഥയിലാണ്. കോളോത്ത് താഴെ പാടശേഖരത്തിലും ചെറുകുന്നുമ്മല്‍ താഴെ ചതുപ്പിലും ഒഴുകിയെത്തി നൂറ് കണക്കിന് കിണറുകള്‍ നിറയ്ക്കുന്ന ഈ തോട് നാശത്തിന്റെ വക്കിലായതോടെ പ്രദേശത്ത് കഠിനമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തോടിന് പുതുജീവന്‍ നല്കാന് ഒരുങ്ങുന്നത്.