പറഞ്ഞ സമയത്തിനും മുമ്പേ എത്തി, ഒപ്പം നിന്ന് ഫോട്ടോയെടുക്കലും വർത്തമാനം പറച്ചിലുമെല്ലാമായി സജീവം; ഉദ്ഘാടന പരിപാടിക്കായി ആറ് വർഷങ്ങൾക്ക് മുമ്പ് എത്തിയ പ്രിയനടൻ മാമുക്കോയയെ ഓർത്ത് കൊയിലാണ്ടിക്കാർ


കൊയിലാണ്ടി: മാമുക്കോയ എന്ന നടനെ അടുത്ത് നിന്ന് അറിഞ്ഞവരാണ് കൊയിലാണ്ടി കൊരയങ്ങാട് നിവാസികള്‍. കൊരയങ്ങാട് കലാക്ഷേത്രയുടെ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മാമുക്കോയ. ഒരു സാധാരണക്കാരനെപ്പോലെ നാട്ടുകാര്‍ക്കൊപ്പം ഫോട്ടമെടുക്കാനും വര്‍ത്തമാനം പറയാനുമെല്ലാം ഒപ്പം കൂടിയ മാമുക്കോയ ഇന്നും ആ പരിപാടിയ്‌ക്കെത്തിയവരുടെ മനസിലുണ്ട്.

പല പരിപാടികള്‍ക്കും വിശിഷ്ടാതിഥികളെ കാത്ത് സമയം വൈകുന്ന സ്ഥിതിയുണ്ട്. എന്നാല്‍ അത്തരം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പറഞ്ഞ സമയത്തിനും ഏറെ നേരത്തെ എത്തി ആ സമയം നാട്ടുകാര്‍ക്കൊപ്പം ചെലവഴിക്കുകയായിരുന്നു മാമുക്കോയയെന്ന് കലാക്ഷേത്ര പ്രസിഡന്റ്  വിനോദ് നന്ദനവും,  സെക്രട്ടറി വി.മുരളീകൃഷ്ണനും ഓർക്കുന്നു. ”2017ല്‍ ആയിരുന്നു പരിപാടി നടന്നതെന്നാണ് ഓര്‍മ്മ. കലയ്ക്ക് മനുഷ്യരിലുള്ള സ്വാധീനത്തെക്കുറിച്ചാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മറ്റൊരു പരിപാടിയില്‍ പോകേണ്ടതിനാല്‍ ചടങ്ങിന് ശേഷം അധിക സമയം അവിടെ ചെലവഴിച്ചിരുന്നില്ല.” കലാക്ഷേത്ര പി.ആർ.ഒ സുധീർ പറഞ്ഞു.

പാലക്കാട് പ്രേംരാജ് (സംഗീതജ്ഞന്‍), ഡോ.കെ.ഗോപിനാഥ്, അമ്പാടി ബാലന്‍ തുടങ്ങിയ പ്രശസ്തരായ വ്യക്തിത്വങ്ങളായിരുന്നു അന്ന് വേദിയിലുണ്ടായിരുന്നത്.mid4]