കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഒരുങ്ങി; പൂര്‍വ്വവിദ്യാര്‍ഥി സംഗമവും കലാവിരുന്നുകളുമായി കെട്ടിടോദ്ഘാടനം ഉത്സവമാക്കാനൊരുങ്ങി സ്‌കൂള്‍ അധികൃതര്‍


കൊയിലാണ്ടി: ബി.ഇ.എം യു.പി സ്‌കൂളില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് വൈകുന്നേരം നാലുമണിക്ക് നടക്കും. കെട്ടിടോദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സ്‌കൂളും നാട്ടുകാരും. ഇതിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റി രൂപവല്‍കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം, കലാവിരുന്ന്, ഗാനമേള-മിമിക്‌സ് മെഗാഷോ’ തുടങ്ങിയ പരിപാടികള്‍ നടക്കും.

കെട്ടിടത്തിന്റെ ഉദ്ഘാടനം സി.എസ്.ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ നിര്‍വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയാകും. കോര്‍പ്പറേറ്റ് മാനേജര്‍ സുനില്‍ പുതിയാട്ടില്‍ ഉപഹാര സമര്‍പ്പണം നടത്തും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. പ്രധാനാധ്യാപകന്‍ കെ.ഗിരിഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിവിധ സംഘടനാപ്രതിനിധികളും മറ്റും ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതം സംഘം ചെയര്‍മാന്‍ ഇ.കെ. അജിത്ത് മാസ്റ്റര്‍, കണ്‍വീനര്‍ പി.പി.രാജീവന്‍, പി.ടി.എ പ്രസിഡന്റ് വി.എം. വിനോദന്‍, പ്രധാനധ്യാപകന്‍ കെ.ഗിരീഷ്, പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ അനൂപ് അനന്തന്‍ എന്നിവര്‍ അറിയിച്ചു.

അഞ്ച് വര്‍ഷം മുമ്പാണ് പന്തലായനി യു.പി. സ്‌കൂള്‍ പുതിയ മാനേജ്‌മെന്റിന് കീഴില്‍ ബി.ഇ.എം യു.പി സ്‌കൂള്‍, കൊയിലാണ്ടി എന്നായി പ്രവര്‍ത്തനം ആരംഭിച്ചത്. കൊയിലാണ്ടിയുടെ വിദ്യാഭ്യാസരംഗത്തിന്റെ ഇന്നലകള്‍ പന്തലായനി യു.പി സ്‌കൂളിന്റെ കൂടി ചരിത്രമാണ്.