‘സര്‍ക്കാര്‍ കുതിരച്ചാണകം തന്നാല്‍ അതും തിന്നോണം’; അരിക്കുളം പി.സി.സി സൊസൈറ്റിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രം വിവരിക്കുന്ന കുറിപ്പ്
കൊയിലാണ്ടി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നേരിട്ട കൊടും ക്ഷാമത്തെ നേരിടാനായി രൂപീകരിച്ച പി.സി.സി സൊസൈറ്റികളുടെ ചരിത്രം ഇന്നത്തെ തലമുറയിലെ അധികമാര്‍ക്കും അറിയില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും റവന്യൂ അധികാരികളും നിയന്ത്രിച്ചിരുന്ന പി.സി.സികളില്‍ ഒന്ന് അരിക്കുളത്തും ഉണ്ടായിരുന്നു.
അരിക്കുളം പാറക്കണ്ടത്തില്‍ സ്ഥാപിച്ച ആ സൊസൈറ്റിയെ കുറിച്ചും പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചും അഭിഭാഷകനും മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്റെ മുന്‍ ചെയര്‍മാനുമായ കെ.ടി.ശ്രീനിവാസന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 72 വര്‍ഷം മുമ്പുള്ള അരിക്കുളം പി.സി.സി സൊസൈറ്റിയുടെ കണ്‍സ്യൂമര്‍ കാര്‍ഡും കുറിപ്പിനൊപ്പം ഉണ്ട്. കെ.ടി.ശ്രീനിവാസന്റെ അച്ഛച്ഛന്റെ കാര്‍ഡാണ് ഇത്.
കെ.ടി.ശ്രീനിവാസന്റെ കുറിപ്പ് വായിക്കാം:
അരിക്കുളം പി.സി.സി സൊസൈറ്റിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും
സ്വാതന്ത്ര്യലബ്ധിക്കു ശേഷം നേരിടേണ്ടിവന്ന കൊടിയ ക്ഷാമത്തെ നേരിടാന്‍ വേണ്ടിയാണ് ആക്കാലം പി.സി.സി സൊസൈറ്റികള്‍ (പീപ്പിള്‍സ് കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) സ്ഥാപിക്കപ്പെട്ടത്. ഇങ്ങനെ ഉണ്ടാക്കപ്പെട്ട സൊസൈറ്റികളുടെ നിയന്ത്രണം അതാത് പ്രദേശത്തെ റവന്യൂ അധികാരികളിലും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കന്‍മാരിലും നിക്ഷിപ്തമായിരുന്നു.
ഈ രീതിയില്‍ അരിക്കുളത്തും ഒരു സൊസൈറ്റി സ്ഥാപിക്കപ്പെട്ടു. അന്നത്തെ പ്രധാനകേന്ദ്രമായിരുന്ന പാറക്കണ്ടതിലായിരുന്നു സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നത്. സെക്രട്ടറി ആയിരുന്നു സൊസൈറ്റിയിലെ പ്രധാന ഉദ്യോഗസ്ഥന്‍. അന്യദേശകാരനും ആ പ്രദേശത്തെ ഒരു തീവ്ര കോണ്‍ഗ്രസ്സ് അനുഭാവിയും ആയിരുന്നു അന്നത്തെ സെക്രട്ടറി.
രണ്ടാം ലോകമഹായുദ്ധശേഷം നേരിട്ട അതിഭീകരമായ ക്ഷാമം.
ഇന്ത്യയെയുംപ്രത്യേകിച്ച് കേരളത്തെയും വല്ലാതെ പിടിച്ചുകുലുക്കിയ കാലം.
സമൂഹത്തിലാകെ കൊടിയ പട്ടിണി.
ഉണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളും പലവ്യഞജനങ്ങളും ജന്മിമാരും കരിച്ചന്തക്കാരും ആവശ്യക്കാര്‍ക്ക് കൊടുക്കാതെ പൂഴ്ത്തിവെച്ചു. ക്ഷാമം നേരിടാന്‍ ഉണ്ടാക്കിയ ഇത്തരം കണ്‍ട്രോള്‍ പീടികകള്‍ക്കു മുന്‍പില്‍ നിത്യവും ആവശ്യക്കാരുടെ നീണ്ട നിരകള്‍ ഉണ്ടായി.
എന്നാല്‍ പട്ടിണിക്കാരോടുള്ള അരിക്കുളം പി.സി.സി സെക്രട്ടറിയുടെ പെരുമാറ്റം ധാര്‍ഷ്ട്യം നിറഞ്ഞതും ധിക്കാരപരവും ആയിരുന്നു. അരിയും കമ്പവും ആയിരുന്നു വിതരണം ചെയ്തിരുന്ന ധാന്യവസ്തുക്കള്‍. എന്നാല്‍ ഒരു സമയം, വിതരണം ചെയ്യേണ്ട അരി നല്‍ക്കാതെ കമ്പം മാത്രമേ നല്‍കാന്‍ കഴിയൂ എന്നു സെക്രട്ടറി ശഠിച്ചു. ഇത് സമൂഹത്തില്‍ വലിയ പ്രതിഷേധത്തിനു കാരണമായി.
‘സര്‍ക്കാര്‍ കുതിരചാണം തന്നാല്‍ അതും തിന്നോണം’ എന്ന സെക്രട്ടറിയുടെ കമന്റ് വലിയ കോളിളക്കം തന്നെ ഉണ്ടാക്കി.
ഇതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് സഖാവ് ഇ.കെ.ശ്രീധരന്‍ ചോദ്യം ചെയ്തു. ധിക്കാരഭാഷണം തുടര്‍ന്ന സെക്രട്ടറി അന്നുതന്നെ ജനത്തിന്റെ കൈച്ചൂടറിഞ്ഞു. മലബാറിലാകെ ഈ സംഭവം വലിയ കോളിളക്കം ഉണ്ടാക്കി. പലേടത്തും കമ്പ വിതരണത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചു. സഖാവ് ഇ.കെ.ശ്രീധരന്‍, നെല്ലിക്കുന്നത്ത് കുഞ്ഞിരാമന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തു.
ഈ സംഭവത്തിനു ശേഷം ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം കൂടി പി.സി.സി സൊസൈറ്റി അരിക്കുളത്ത് തുടര്‍ന്നെങ്കിലും ധിക്കാരിയായ സെക്രട്ടറി വളരെ പെട്ടന്ന് തന്നെ പണി മതിയാക്കി നാട്ടിലേക്ക് മടങ്ങി. പഴയ കുറുമ്പ്രനാട് താലൂക്കിലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടി ചരിത്രത്തിലെ ഒരു പ്രധാന ഏട് തന്നെയാണ് അരിക്കുളത്തെ ഈ സംഭവം.
1948 ല്‍ എം.എസ്.പിയുടെ നേതൃത്വത്തില്‍ അരിക്കുളത്ത് നടന്ന കുപ്രസിദ്ധ കമ്മ്യൂണിസ്‌റ് വേട്ട മറ്റൊരു ചരിത്രസംഭവമാണ്.
(72 വര്‍ഷം മുന്‍പുള്ള അരിക്കുളം പി.സി.സി സൊസൈറ്റിയുടെ ഒരു കണ്‍സ്യൂമര്‍ കാര്‍ഡ് താഴെ അനുബന്ധമായി ചേര്‍ക്കുന്നു. എന്റെ അച്ഛച്ചന്‍ തന്നെയാണ് കാര്‍ഡ് ഉടമ)
ഈ കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.